rain

 അഞ്ചുമണിക്കൂർകൊണ്ട് പെയ്‌തത് റെക്കാഡ് പെരുമഴ

കൊച്ചി: ഇന്നലെ കൊച്ചിക്കാർ കണികണ്ടുണർന്നത് കനത്തമഴയും ചെളിയും മാലിന്യങ്ങളും നിറഞ്ഞ വെള്ളക്കെട്ടും! പുലർച്ചെ മുതൽ വെറും അഞ്ചുമണിക്കൂർകൊണ്ട് നഗരത്തെ മുക്കി തിമിർത്തിറങ്ങിയത് സാധാരണ മഴക്കാലത്ത് ഒരുദിവസം മുഴുവൻ നിറുത്താത പെയ്താൽ കിട്ടുന്നതിനേക്കാൾ കൂടുതൽ മഴ.

മണിക്കൂറിൽ രണ്ട് സെന്റീമീറ്റർ വച്ച് ആകെ 10.2 സെ.മീ മഴയാണ് ഇന്നലെ കലിതുള്ളിപ്പെയ്‌തത്.

തീരദേശത്ത് നിന്ന് അല്പംമാറി രൂപംകൊള്ളൂന്ന (ഓഫ് ഷോർ) ചക്രവാതച്ചുഴിയാണ് കൊച്ചിയെ വെള്ളക്കെട്ടിൽ മുക്കിയ മഴയ്ക്ക് കാരണം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നേരിയതോതിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയും മഴയുടെ തീവ്രതകൂട്ടി.

കൊച്ചിയുടെ മാനത്ത് പുലർച്ചെ 5.15 ഓടെയാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇത് അപൂർവമേ കരയിലുണ്ടാകാറുള്ളൂ. 5.19ഓടെ മഴപെയ്തു തുടങ്ങി. 9.54 വരെ നിറുത്താതെ പെരുമഴ. ലഘു മേഘവിസ്ഫോടനത്തിന്റെ ഗണത്തിൽ പെടുത്താമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. ഇത്തരം മഴ മുൻകൂട്ടി പ്രവചിക്കുക പ്രയാസമാണ്.

3 ദി​വസം കൂടി പെയ്യും

മൂന്ന് ദിവസം കൂടി​ സമാനമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊച്ചിയാകെ മുങ്ങി

വെള്ളക്കെട്ടില്ലാത്തൊരിടമില്ലായിരുന്നു ഇന്നലെ കൊച്ചിയിൽ. നഗരത്തിലെ ഉയർന്നപ്രദേശങ്ങളിലുള്ളവർ പോലും വെള്ളപ്പൊക്കം അനുഭവിച്ചറിഞ്ഞു. ഇടിവെട്ടിന്റെ അകമ്പടിയിൽ ആഞ്ഞുപെയ്ത മഴ കൊച്ചിയെ മുക്കി. ആലുവ, അങ്കമാലി, പറവൂർ, കോതമംഗലം, കൂത്താട്ടുകളം മേഖലകളിൽ മഴ തിമിർത്തില്ല.

ചത്രവാതച്ചുഴി

ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ് ചക്രവാതച്ചുഴി. കാറ്റിന്റെ കറക്കം ഭൂമിയുടെ ദക്ഷിണാർദ്ധ ഗോളത്തിൽ ഘടികാരദിശയിലും ഉത്തരാർദ്ധത്തിൽ എതിരെയും ആയിരിക്കും. എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദ്ദമാകണമെന്നില്ല. ന്യൂനമർദ്ദം ശക്തികൂടിയാൽ തീവ്രന്യൂനമർദ്ദവുമാകും.

''അതിശക്തമായ മഴയാണ് ഇന്നലെ അഞ്ച് മണിക്കൂറുകൊണ്ട് പെയ്തത്. ഇത്തരം മഴയെ കരുതിയിരിക്കണം""

ഡോ. എം.ജി.മനോജ്,​

കാലാവസ്ഥ ശാസ്ത്രജ്ഞൻ,​

കുസാറ്റ് റഡാർ കേന്ദ്രം