bjp

ആലുവ: എസ്.സി, എസ്.ടി വിഭാഗത്തിനായി കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ അതാത് മേഖലയിൽ വിനിയോഗിക്കാതെ വകമാറ്റി ചെലവഴിക്കുകയാണെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് ലാൽസിംഗ് ആര്യ ആരോപിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2022 - 23ലെ കേന്ദ്ര ബഡ്ജറ്റിൽ ദളിത് വിഭാഗത്തിനായി കോടികൾ നീക്കിവച്ചു. ദളിത് വിഭാഗത്തിനെതിരെ കൂടുതൽ അതിക്രമം നടക്കുന്നത് കേരളത്തിലാണ്. ദളിതർക്ക് ഏറ്റവും അധികം പരിഗണന നൽകിയത് മോദി സർക്കാരാണ്. മുൻകാലങ്ങളിൽ അഞ്ച് മന്ത്രിമാരുണ്ടായിടത്ത് ഇപ്പോൾ 12 ആയി. തെലുങ്കാനയിലും കേരളത്തിലേക്കും ബി.ജെ.പിക്ക് അനുകൂലമായ കാറ്റ് വീശുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി മോർച്ച അഖിലേന്ത്യാ സെക്രട്ടറി ജയകുമാർ കാഘെ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സ്വപ്നജിത്ത്, പി.കെ. ബാബു, ബിനീഷ് കുമാർ, ഷാജി മൂത്തേടൻ, മനോജ് മനക്കേക്കര എന്നിവർ പ്രസംഗിച്ചു. പ്രൊഫ. വിജയകുമാർ, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, എസ്. ജയസൂര്യൻ, പ്രേംശങ്കർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഇന്ന് ഉച്ചയ്ക്ക് 2.30ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.