കൊച്ചി: എറണാകുളത്തുകാർ ഇന്നലെ രാവിലെ കണികണ്ടത് മുറ്റത്തും റോഡിലും വെള്ളം നിറഞ്ഞൊഴുകുന്ന കാഴ്ച. എം.ജി റോഡും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും മഴയിൽ മുങ്ങി. ഇന്നലെ പുലർച്ചെ പെയ്തുതുടങ്ങിയ മഴ പത്ത് മണിയോടെയാണ് ശമിച്ചത്. ഒറ്രമഴയിൽ നഗരം മുങ്ങുന്നത് ഇതാദ്യം. 2018ൽ വെള്ളം കയറാതിരുന്ന മേഖലകളിലും ഇന്നലെ മുട്ടോളം വെള്ളംകയറി.

എം.ജി റോഡ്

വെള്ളത്തിൽ മുങ്ങിയ എം.ജി റോഡിലെ കടകളൊന്നും ഇന്നലെ തുറന്നില്ല. ഹോട്ടലുകളിൽ മുട്ടോളം വെള്ളം. ഓടയിൽ നിന്ന് നിറഞ്ഞുപൊങ്ങിയ മലിനജലം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്

കെ.എസ്.ആ‌ർ.ടി സ്റ്റാൻഡിൽ പതിവ് തെറ്റിയില്ല. ആദ്യമഴയിൽ തന്നെ മുങ്ങി. ഓഫീസാകെ വെള്ളത്തിലായി. കെ.എസ്.ആർ.ടി.സി റോഡിലും വെള്ളം കയറിയതോടെ യാത്രക്കാ‌ർ ദുരിതത്തിലായി. സ്റ്രാൻഡിൽ കയറാൻ സാധിക്കാത്തതിനാൽ ബസുകൾ സലീം രാജൻ പാലത്തിലും മറ്റുമാണ് പാർക്ക് ചെയ്തത്.

റെയിൽവേ സ്റ്റേഷൻ

എറണാകുളം ടൗൺ, ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ ട്രാക്കിൽ വെള്ളം കയറിയതോടെ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴി തിരിച്ചുവിടുകയും ചെയ്തു. സിഗ്നൽ തകരാറിലായതാണ് കാരണം. റെയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്സിലും വെള്ളം കയറി.

ഹൈക്കോടതി

പതിവിന് വിപരീതമായി ഹൈക്കോടതി പ്രദേശത്ത് വെള്ളം കയറിയതാണ് എല്ലാവരെയും ഞെട്ടിച്ചത്. ഹൈക്കോടതി നടപടികൾ 11 മണിക്കാണ് ആരംഭിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കലൂരിൽ ഔദ്യോഗിക വാഹനത്തിൽ നിന്നിറങ്ങി മെട്രോയിലാണ് യാത്ര ചെയ്തത്. തുടർന്ന് മഹാരാജാസ് സ്റ്രേഷനിലിറങ്ങി ഹൈക്കോടതി വാഹനത്തിൽ കോടതിയിൽ എത്തി.

ഗതാഗതം താറുമാറായി

എം.ജി റോഡ്, പനമ്പിള്ളി നഗർ, ഇടപ്പള്ളി, പാലാരിവട്ടം, ഹൈക്കോടതി ജംഗ്ഷൻ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം ഗതാഗതം സ്തംഭിച്ചു. സ്വകാര്യ ബസുകളിൽ പലതും സർവീസ് നിറുത്തിയതോടെ ജനങ്ങൾ ബുദ്ധിമുട്ടി. പലരും മെട്രോയെ ആശ്രയിച്ചു. ഇതോടെ മെട്രോയിലും തിരക്കേറി. വൈറ്റില മുതൽ ഹൈക്കോടതി വരെയെത്താൻ മൂന്ന് മണിക്കൂറിൽ കൂടുതൽ സമയമാണ് വേണ്ടിവന്നത്. ഓട്ടോറിക്ഷയെ ആശ്രയിച്ചവർക്ക് ഇരട്ടി തുകയും നൽകേണ്ടി വന്നു.

ഒഴുകിയെത്തിയ മാലിന്യം

എം.ജി റോഡിൽ വെള്ളത്തോടൊപ്പം വില്ലനായത് ഒഴുകിയെത്തിയ മാലിന്യമാണ്. തെങ്ങിൻ തടികളുമടക്കം എം.ജി റോഡിലേക്ക് ഒഴുകിയെത്തി. വണ്ടികളുടെ ചക്രങ്ങളിൽ ഇവ കുടുങ്ങി. പല കടകളുടേയും ഷട്ടറുകളിൽ ഇവയടിഞ്ഞു. കടകൾക്കുള്ളിലും വെള്ളം കയറി. ഓണവില്പനയ്ക്ക് തയ്യാറാക്കിവച്ച സ്‌റ്റോക്ക് നല്ലൊരുഭാഗം മഴവെള്ളത്തിൽ മുങ്ങി.

''കെ.എം.ആർ.എൽ, സി.എസ്.എം.എൽ, ജലസേചനവകുപ്പ്, കോർപറേഷൻ, ആരോഗ്യം എന്നീവകുപ്പുകൾ കൂടിയാലോചിച്ച് വെള്ളക്കെട്ട് നേരിടാൻ പ്രവർത്തിക്കണം. ഓടകൾ കൃത്യമായ മാസ്റ്റർപ്ലാനോടെയല്ല നിർമ്മിച്ചത് ""

ആന്റണി കുരീത്ര,​

പ്രതിപക്ഷ നേതാവ്,​

കൊച്ചി കോർപറേഷൻ