കൊച്ചി: ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി എസ്. കൃഷ്‌ണകുമാർ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. സ്ഥലംമാറ്റത്തിൽ അപാകതയില്ലെന്നും നടപടി നിയമവിരുദ്ധമല്ലെന്നും ഹർജി പരിഗണിക്കവെ ജസ്റ്റിസ് അനു ശിവരാമൻ വാക്കാൽ പറഞ്ഞു.

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ, ഇര പ്രകോപനപരമായി വസ്ത്രം ധരിച്ചെന്നുള്ള പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശം വിവാദമായിരുന്നു. ജുഡിഷ്യൽ ഉത്തരവിലെ പിഴവുകളുടെ പേരിൽ സ്ഥലം മാറ്റമടക്കമുള്ള നടപടികളെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്. കൃഷ്‌ണകുമാറിന്റെ ഹർജി.

വിവാദ പരാമർശത്തിന്റെ പേരിലാണ് സ്ഥലം മാറ്റിയതെന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്ന് ഇന്നലെ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ചോദിച്ചു. ഹർജിക്കാരനടക്കം നാലു ജഡ്ജിമാരെ സ്ഥലം മാറ്റിയ ഉത്തരവിൽ ഇത്തരം പരാമർശങ്ങളില്ല. ലേബർ കോടതിയിലേക്കുള്ള നിയമനങ്ങൾ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ളതാണെന്ന വാദം ശരിയല്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു.