
അങ്കമാലി: അങ്കമാലി നഗരത്തിൽ യാത്രക്കാരെ വലച്ച് ഗതാഗതക്കുരുക്ക് തുടരുന്നു. മണിക്കൂറുകളോളമാണ് വാഹനങ്ങൾ ട്രാഫിക് ജാമിൽ അകപ്പെടുന്നത്. പ്രശ്നപരിഹാരം കാണാനുള്ള നഗരസഭയും ജനപ്രതിനിധികളും ഇരുട്ടിൽത്തപ്പുകയാണെന്ന് ആക്ഷേപമുണ്ട്.
അങ്കമാലിയിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാൻ
ബൈപ്പാസും റിംഗ് റോഡും ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാലമേറെയായിട്ടും പ്രഖ്യാപനങ്ങളെല്ലാം കടലാസിലൊതുങ്ങി. ബൈപ്പാസ് പ്രഖ്യാപനം കഴിഞ്ഞിട്ട് കാൽ നൂറ്റാണ്ടിലേറെയായി. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുമ്പോഴാണ് ബൈപ്പാസ് ചർച്ചയാകുന്നത്. തറക്കല്ലിടലും അതിർത്തി നിർണയവും സ്ഥലം നൽകുന്നവരുടെ യോഗവും ഉൾപ്പെടെ നിരവധി കലാ പരിപാടികളാണ് ബൈപ്പാസുമായി ബന്ധപ്പെട്ട് ആഘട്ടങ്ങളിൽ അരങ്ങേറുക. ഭരണ, പ്രതിപക്ഷ കക്ഷികളുടെ ഹർത്താലും നിരാഹാരവും ആഴ്ചകളോളം നീണ്ട സമരങ്ങളും ഈ വിഷയത്തിന്റെ പേരിൽ അരങ്ങേറിയിട്ടുണ്ട്. എന്നാൽ നാളിതു വരെ ബൈപ്പാസുമായി ബന്ധപ്പെട്ട് യാതൊരു നടപടിയുമുണ്ടായിട്ടില്ല. ടൗണിലെ അനധികൃത പാർക്കിംഗും അനധികൃത കെട്ടിട നിർമ്മാണവുമെല്ലാം ഗതാഗത കുരുക്കിന് ആക്കംകൂട്ടുന്നുണ്ട്. കച്ചവട സമുച്ചയങ്ങൾ പണിതുയർത്തിയവർ പാർക്കിംഗിന് നിയമപരമായി നീക്കിവച്ച ഇടങ്ങളും വ്യാപാരത്തിനായി മാറ്റിയതോടെ കാൽനടയാത്രക്കാർക്കും രക്ഷയില്ലാതായി. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നത് സംബന്ധിച്ച് ഭരണ-പ്രതിപക്ഷ പാർട്ടികളുടെ ചേരിതിരിഞ്ഞുള്ള വാക് പോരും പതിവാണ്. പരസ്പരം പോരടിക്കുന്നത് അവസാനിപ്പിച്ച് ഗതാഗത തടസത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ ശ്രമിക്കണമെന്നാണ് നഗരവാസികൾ ആവശ്യപ്പെടുന്നത്.