കൊച്ചി: നാഗരാസൂത്രണത്തിലെ പിടിപ്പകേടുമൂലമാണെന്ന് കൊച്ചി നഗരം വെള്ളക്കെട്ടിൽ മുങ്ങിയതെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആരോപിച്ചു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനായിട്ടില്ല. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറിയതുമൂലം ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. നഗരസഭ ആവിഷ്‌കരിച്ച 'ഓപ്പറേഷൻ ബ്രേക്ക് ത്രു ഫലപ്രദമായില്ല. നഗര നവീകരണത്തിന്റെ പേരിലുള്ള അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. വെള്ളക്കെട്ടിൽ നാശനഷ്ടമുണ്ടായി വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത സർക്കാർ ഏറ്റെടുക്കണമെന്നും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ജില്ലാ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂരും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു .