മൂവാറ്റുപുഴ: സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം കോൺഗ്രസിൽ ചേർന്ന പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പഞ്ചായത്ത് അംഗം നൽകിയ പരാതിയിൽ സെപ്റ്റംബർ 20ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പിൽ ഹാജരാകാൻ നോട്ടീസ്.

ആയവന ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം ജെയിംസ്. എൻ. ജോഷിക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം നേതാവുമായ എം.എസ്. ഭാസ്കരൻ ജൂലായ് 29നാണ് പരാതി നൽകിയത്.

2020 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ എട്ടാം വാർഡിലാണ് മത്സരിച്ചത്. നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇയാൾ സീറ്റ് ലഭിക്കാതെ വന്നതോടെ വിമതനായാണ് മത്സര രംഗത്തെത്തിയത്. മത്സരത്തിൽ വിജയിച്ചതോടെ കോൺഗ്രസിന്റെ ഭാഗമാക്കുകയായിരുന്നു. പതിനാലംഗ പഞ്ചായത്ത് സമിതിയിൽ എൽ.ഡി.എഫിന് ഏഴും യു.ഡി.എഫിന് ആറും അംഗങ്ങളും വിജയിച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജെയിംസിനെ യു.ഡി.എഫ്. സ്ഥാനാർത്ഥിയാക്കി. എന്നാൽ വോട്ടെടുപ്പിൽ ഇരു മുന്നണികൾക്കും തുല്യം വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ ഇടതുമുന്നണിയുടെ രാജൻ കടക്കോട് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ആയവനയിലെ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിൽ തർക്കങ്ങൾ ഉയരുകയും സമവായം എന്ന നിലയിൽ ജയിംസിനെ കോൺഗ്രസ് ആയവന മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കുകയുമായിരുന്നു. നിലവിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മാത്രമാണ് യു.ഡി.എഫിനുള്ളത്. അയോഗ്യനായാൽ ഈ സ്ഥാനവും നഷ്ടമാകും. ഇതിനാൽ തീരുമാനം നിർണായകമാണ്.