
കോലഞ്ചേരി: മേഘ വിസ്ഫോടനത്തിന് സമാനമായ കനത്ത മഴ പുത്തൻകുരിശ് പഞ്ചായത്തിലെ വിവിധ മേഖലകൾ വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ 6.30 മുതൽ ഒന്നര മണിക്കൂർ തുടർച്ചയായി പെയ്ത മഴയാണ് മേഖലയെ വെള്ളക്കെട്ടിലാക്കിയത്. പഞ്ചായത്തിലെ വേളൂർ, അമ്പലമേട്. പുളിയാമ്പിള്ളിമുഗൾ, അടൂർ വാർഡുകളിലാണ് വെള്ളക്കെട്ടുണ്ടായത്.
കൊച്ചി ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപമുള്ള ബൈബിൾ കോളേജിന്റെ മതിൽക്കെട്ടിനുള്ളിൽ അഞ്ചടിയോളം പൊങ്ങിയ വെള്ളം മതിൽ തകർത്ത് ഒഴുകിയതോടെ സമീപത്തെ നിരവധി വീടുകളിൽ വെള്ളം കയറി. മതിലുകൾ തകർന്നു, മരങ്ങൾ കടപുഴകി, കാർഷിക വിളകൾക്ക് നാശനഷ്ടവുമുണ്ടായി.
ദേശീയപാതയിൽ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വരിക്കോലി മുതൽ മാമല വരെ ദേശീയപാതയിൽ നാലടിയോളം വെള്ളം പൊങ്ങി. സമീപ പ്രദേശങ്ങളിൽ മഴ ശക്തമായിരുന്നില്ല. വെള്ളക്കെട്ടറിയാതെ എത്തിയ കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാർ അടക്കം മണിക്കൂറുകളോളം കുടുങ്ങി.
പുത്തൻകുരിശ് ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിലും കാലിത്തീറ്റ സംഭരണ മുറിയിലും വെള്ളം കയറി കനത്ത നാശനഷ്ടമുണ്ടായി. ദേശീയപാതയിലെ കാനകൾ മൂടി കിടക്കുന്നതു കൊണ്ടാണ് സംഘത്തിൽ വെള്ളം കയറാൻ ഇടയായതെന്ന് ഭാരവാഹികൾ പറഞ്ഞു. മുറിയിൽ സൂക്ഷിച്ചിരുന്ന 40 ചാക്ക് കാലിത്തീറ്റ വെള്ളം കയറി നശിച്ചു. ഏകദേശം 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മുത്തൂറ്റ് കോളേജിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതിലിടിഞ്ഞ് സാൽവേഷൻ ആശുപത്രി മലയിൽ നിന്നും മാനാന്തടം മിൽമ്മയോട് ചേർന്നുള്ള അമ്മച്ചി മലയിൽ നിന്നും മലവെള്ളം ഇരച്ച് ദേശീയ പാതയിലെത്തി. രാവിലെ ഇതു വഴി പോയ കെ.എസ്.ആർ.ടി.സി ബസ്സിലേക്കും വെള്ളം ഇരച്ച് കയറി.
പുത്തൻകുരിശ് വരിക്കോലി നീർമേൽ ബി.പി.സി.എൽ കമ്പനിയുടെ മതിലിനോട് ചേർന്നുള്ള സ്ഥലത്ത് വെള്ളം കയറി. 16 ഓളം കുടുംബങ്ങൾ വെള്ളക്കെട്ടിലായതോടെ വരിക്കോലി പള്ളി പാരീഷ് ഹാളിലേയ്ക്ക് മാറ്റി താത്ക്കാലിക താമസമൊരുക്കി. 32 പേർ ഇവിടെയുണ്ട്. മാനാന്തം കോക്കരമന റോഡിൽ സ്വകാര്യ വ്യക്തിയുടെ മതിൽ റോഡിലേക്ക് തകർന്ന് വീണ് ഗതാഗതം തടസപ്പെട്ടു. വെള്ളക്കെട്ടിൽ റോഡ് വ്യക്തമായി കാണാനാകാതെ മിൽമ സൊസൈറ്റിക്ക് സമീപം റോഡിലെ ഗട്ടറിൽ ലോഡുമായെത്തിയ തടി ലോറി കുടുങ്ങിയത് ഗതാഗതം സ്തംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ, സെക്രട്ടറി പി.എൻ. പ്രസാദ്, അസിസ്റ്റന്റ് സെക്രട്ടറി ബിജു ബേബി തുടങ്ങിയവർ വിവിധ മേഖലകൾ സന്ദർശിച്ചു.