
ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ തേവയ്ക്കൽ കൈലാസ് നഗറിൽ സ്വാതന്ത്ര്യദിനത്തിൻ ഉയർത്തിയ ദേശീയപതാക നശിപ്പിച്ചവരെ പിടികൂടാത്ത എടത്തല പൊലീസിനെതിരെ പ്രതിഷേധം ശക്തം. മയക്കുമരുന്ന് മാഫിയയാണ് പതാക നശിപ്പിച്ചതിന് പിന്നിലെന്ന് സൂചനയുണ്ട്. പ്രതികളെ കണ്ടെത്താതെ പൊലീസ് അലംഭാവം കാട്ടുന്നെന്ന് ആരോപിച്ച് ബി.ജെ.പി എടത്തല ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
പ്രതിഷേധയോഗം ബി.ജെ.പി ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, മഹിളാ മോർച്ചാ മണ്ഡലം പ്രസിഡന്റ് ശ്രീവിദ്യ ബൈജു, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ജോസഫ്, നേതാക്കളായ ജി.പി.രാജൻ, പ്രദീപ് തേവയ്ക്കൽ, ശ്രീജിത്ത് ശിവഗിരി തുടങ്ങിയവർ സംസാരിച്ചു.