
പെരുമ്പാവൂർ: പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള യജ്ഞത്തിന്റെ ഭാഗമായി അകനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഡിജിറ്റൽ ലൈബ്രറി സജ്ജമായി. എല്ലാ വിഭാഗത്തിലുമുള്ള പതിനായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. മൂന്ന് മാസം കൊണ്ടാണ് ഈ പുസ്തകങ്ങൾ മുഴുവൻ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ചത്.
രണ്ടായിരം ചതുരശ്രയടി വിസ്തീർണ്ണമുള്ള ലൈബ്രറിയിൽ ഒരേ സമയം അമ്പത് പേർക്ക് ഇരുന്ന് പുസ്തകങ്ങൾ വായിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കായി പ്രത്യേകം വായനമുറി സജ്ജമാക്കി. ഈ അദ്ധ്യയന വർഷാരംഭത്തിൽ സ്‌കൂളിൽ തുടങ്ങിയ പുസ്തകത്തൊട്ടിൽ വഴിയാണ് പുസ്തകങ്ങൾ ലഭ്യമായത്. വായനശാലയിൽ മിന്നാമിനിക്കൂട്ടം, അമ്മമാർക്കായി വായന ചങ്ങാത്തം എന്നീ കൂട്ടായ്മകളും പ്രവർത്തിക്കുന്നു.
പി.ടി.എ. ഭാരവാഹികൾ, പൂർവ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവരുടെയും മറ്റ് സന്നദ്ധ സ്ഥാപനങ്ങളുടെയും പിന്തുണക്കൊണ്ടാണ് ഇത്തരത്തിൽ അകനാട് സ്‌കൂളിൽ ഡിജിറ്റൽ ലൈബ്രറി യാഥാർത്ഥ്യമാക്കാനായതെന്ന് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, പ്രധാന അദ്ധ്യാപിക എം.ആർ. ബോബി എന്നിവർ പറഞ്ഞു. സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകൾ മികച്ച നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് ലൈബ്രറി നവീകരണം എന്ന പദ്ധതി ഏറ്റെടുത്തതെന്ന് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ പറഞ്ഞു.