
പെരുമ്പാവൂർ: സംസ്ഥാന സർക്കാരിന്റെ ജീവനക്കാരോടുള്ള ജനദ്രോഹ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധം നടത്തി. ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷന്റെ കാര്യത്തിൽ സർക്കാർ ഉറപ്പുകൾ പാലിക്കുക, മെഡിസെപ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, എച്ച്.ബി.എ. പുന:സ്ഥാപിക്കുക, ശബള പരിഷ്‌കരണ കുടിശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
എസ്.ഇ.യു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് മുളവൂർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എം. അസ്‌ക്കർ, ജനറൽ സെക്രട്ടറി നിഷാദ് മുഹമ്മദ് ജില്ലാ ഭാരവാഹികളായ എ.എച്ച്. ഉവൈസ്, പി.എം. റഈസ്, ഷമീർ പള്ളിക്കര, സക്കീർ പെരുമ്പാവൂർ, ബനീഷ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.