കൊച്ചി: യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം വർദ്ധിച്ചതോടെ, ഇതിനെ ചെറുക്കാൻ യുവജന കമ്മിഷൻ കച്ചമുറുക്കി ഇറങ്ങുന്നു. ഒക്ടോബർ മുതൽ സംസ്ഥാനത്താകെ ലഹരി വിമുക്തി പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജാഗ്രത സമിതികൾ രൂപീകരിക്കും. സമിതികളുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ. കലാലയങ്ങൾ കേന്ദ്രീകരിച്ചും ലഹരി വിമുക്ത പ്രവർത്തനങ്ങൾ നടപ്പാക്കും. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുമായി സഹകരിച്ചു വിവിധ പരിപാടികൾ ആവിഷ്‌കരിക്കാനും യുവ ജന കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്.
ഒക്ടോബർ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി വിമുക്ത പ്രവർത്തങ്ങൾ വ്യാപകമായി സംഘടിപ്പിക്കും.
ഡോ. ചിന്താ ജെറോം
ചെയർപേഴ്‌സൺ
യുവജന കമ്മിഷൻ
10 പരാതി തീർപ്പാക്കി
സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല യുവജന അദാലത്തിൽ 16 പരാതികളിൽ 10 എണ്ണം തീർപ്പാക്കി. ആറെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. വ്യക്തികൾ തമ്മിലുള്ള പരാതികളാണ് കൂടുതലായി പരിഗണിച്ചത്. വാടകയുമായി ബന്ധപ്പെട്ട പരാതികൾ, മണൽ കടത്ത് കേസുമായി ബന്ധപ്പെട്ട് കരമടക്കുന്നതിൽ നേരിട്ട പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങൾ അദാലത്തിൽ ചർച്ച ചെയ്തു. യുവ ജന കമ്മിഷൻ അംഗം ഡോ. പ്രിൻസി കുര്യാക്കോസ്, കമ്മിഷൻ സെക്രട്ടറി ഡാർളി ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രകാശ് പി. ജോസഫ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.