
ആലുവ: വഴിയിൽ നിന്ന് കിട്ടിയ 28,000 രൂപ ഉടമയ്ക്ക് നൽകി ബാങ്ക് ഉദ്യോഗസ്ഥ മാതൃകയായി. ഫെഡറൽ ബാങ്ക് ആലുവ ഹെഡ് ഓഫീസ് മാർക്കറ്റിംഗ് വിഭാഗത്തിലെ ജീവനക്കാരി സോണിയക്കാണ് തിങ്കളാഴ്ച്ച വൈകിട്ട് ആലുവ ബ്രിഡ്ജ് റോഡിൽ പ്രസാദ് ബിൽഡിംഗിന് സമീപത്ത് നിന്ന് 500 രൂപയുടെ 56 നോട്ടുകളടങ്ങിയ കെട്ട് കളഞ്ഞുകിട്ടിയത്. എണ്ണിത്തിട്ടപ്പെടുത്തിയശേഷം പ്രസാദ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ലക്ഷ്മി മെഡിക്കൽസ് ഉടമ വി.ടി.സതീഷിനെ സോണിയ പണം ഏൽപ്പിച്ചു. ആരെങ്കിലും പണം തിരക്കിയെത്തിയാൽ യഥാർത്ഥ ഉടമയാണെന്ന് ഉറപ്പിച്ചശേഷം കൈമാറണമെന്ന് പറഞ്ഞാണ് ഏൽപ്പിച്ചത്. വയനാട് മാനന്തവാടി സ്വദേശി അബ്ദുൾ റഹ്മാന്റേതായിരുന്നു പണം. ഇടപ്പള്ളിയിൽ മകന്റെ പഠനാവശ്യവുമായി ബന്ധപ്പെട്ട് ബാങ്ക് കവലയിലെ ചില സ്ഥാപനങ്ങൾ അബ്ദുൾ റഹ്മാൻ സന്ദർശിച്ചിരുന്നു. മരുന്ന് വാങ്ങാൻ ലക്ഷ്മി മെഡിക്കൽസിലും എത്തി. ഈ സമയത്താണ് പണം നഷ്ടമായത്. അബ്ദുൾ റഹ്മാന്റേതാണെന്ന് ഉറപ്പായതോടെ സോണിയ പണം കൈമാറുകയായിരുന്നു.