കൊച്ചി: ഓപറേഷൻ ബ്രേക് ത്രൂ അടക്കമുള്ളവ ചെയ്തിട്ടും മേഘവിസ്‌ഫോടനത്തെ അനുസ്മരിപ്പിക്കും വിധം തുടർച്ചയായി അതിതീവ്ര മഴ പെയ്തതാണ് വെളളക്കെട്ടിന് കാരണമായതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. മഴനിന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും തോടുകളിലെയും കനാലുകളിലെയും വെളളം കുറയാത്തതും നഗരം നേരിടുന്ന പ്രതിസന്ധിയാണ്. ഇതിനായി കോർപ്പറേഷനിൽ എൻജിനിയറിംഗ്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചു ചേർത്തു. യോഗത്തിൽ വെളളക്കെട്ടുളള ഡിവിഷനുകളിൽ ഓടകളിലെ ചെളിനീക്കം ചെയ്യുന്ന പ്രവൃത്തി കരാറെടുത്തവരെ കൊണ്ട് തന്നെ അടിയന്തരമായി ചെയ്ത് തീർക്കാൻ നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു.

മഴക്കാലത്തിന് മുമ്പ് വാർഷിക ശുചീകരണ ജോലികൾ പൂർത്തികരിച്ചിരുന്നു. എന്നാൽ വീണ്ടും തടസങ്ങൾ അനുഭവപ്പെട്ട പേരണ്ടൂർ കനാൽ ഉൾപ്പെടെയുളള കനാലുകളിലെ തടസങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ അടിയന്തരമായി ചെയ്തു തീർക്കും. എം.ജി. റോഡിലെ കാനകളിലെ ചെളി പൂർണമായും നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിക്കും. ടൈൽ ഇട്ട ഭാഗത്തെയും സ്ലാബ് നീക്കം ചെയ്ത് ചെളി നീക്കും. കാരണക്കോടം, ചങ്ങാടംപോക്ക് തോട്, പേരണ്ടൂർ കനാൽ, മുല്ലശ്ശേരി കനാൽ എന്നിവിടങ്ങളിലെ കനാൽ മൗത്തിലും ആവശ്യമുണ്ടെങ്കിൽ വൃത്തിയാക്കുന്നതിനുളള നടപടി ആരംഭിക്കും. റോഡിൽ നിന്ന് കാനയിലേക്ക് വെളളം ഒഴുകി പോകുന്നതിന് ആവശ്യമുളളത്രയും മാൻഹോളുകൾ നിർമ്മിക്കും. കാനകളുടെ ജംഗ്ഷനുകൾ വൃത്തിയാക്കും. ഈ പ്രവൃത്തിയിൽ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിനെ കൂടി സഹകരിപ്പിച്ച് നഗരസഭയുടെ എൻജിനിയറിംഗ് വിഭാഗവും, ഹെൽത്ത് ഇൻസ്‌പെക്ടർമാരും എന്നിവരുടെ സഹകരണത്തോടെ ചെയ്ത് തീർക്കുമെന്ന് അദ്ദേഹം പറഞ്ഞു.