it

തൃക്കാക്കര: ഇന്നലെ പെയ്‌ത കനത്തമഴയിൽ ഐ.ടി നഗരമായ കാക്കനാടും മുങ്ങി. ഇൻഫോപാർക്ക്,​ സ്മാർട്ട് സിറ്റി പ്രദേശങ്ങളിൽ കമ്പനികളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. ഇവിടങ്ങളിൽ വാഹന ഗതാഗതവും താറുമാറായി.

വെള്ളം കയറിയതുമൂലം ആറ് കാറുകൾക്കും രണ്ട് ബൈക്കുകളും കേടുപറ്റി. കാക്കനാട് പാറക്കമുഗളിൽ മണ്ണിടിഞ്ഞുവീണ് നാല് വീടുകൾ അപകടാവസ്ഥയിലായി. അപ്പു എളമ്പാത്ത്, പി.ഇ. ബിജു പാറക്കതടത്തിൽ, പി.കെ. തങ്കപ്പൻ തെക്കിനേത്ത്, കുര്യാക്കോസ് ബെന്നി പാറക്കതടത്തിൽ എന്നിവരുടെ വീടുകളാണിവ.

നഗരസഭ കൗൺസിലർ എം.ഒ. വർഗീസിന്റെ നേതൃത്വത്തിൽ നഗരസഭ അസിസ്‌റ്റന്റ് എസ്‌സിക്യുട്ടീവ് എൻജിനിയർ സുജാകുമാരി,​ ഓവർസിയർ പ്രമോദ് എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രൊട്ടക്ഷൻ വാൾ നിർമ്മിക്കുന്നതിന് കളക്ടറുമായി സംസാരിച്ച് പരിഹാരം കാണുമെന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻപറഞ്ഞു.
കാക്കനാട് നിലം പതിഞ്ഞി സെന്റ് തോമസ് യാക്കോബൈറ്റ് സിറിയൻ ചർച്ചിന്റെ മൂന്ന് കല്ലറ ഇടിഞ്ഞു. കാക്കനാട് മാവേലിപുരത്ത് കൊപ്പറമ്പിൽ വിനോദിന്റെ വീട്ടിൽ വെള്ളം കയറി വീട്ടുപകരങ്ങൾ നശിച്ചു. കാക്കനാട് ഭാരത് മാതാ കോളേജിന്റെ മതിൽ പെരിയാർ വാലി കാനാലിലേക്ക് ഇടിഞ്ഞുവീണു. പടിഞ്ഞാറൻ മേഖലയായ ബി.എം നഗർ, വാഴക്കാല, ചെമ്പുമുക്ക്, കെന്നഡിമുക്ക്, ആലപ്പാട്ടുനഗർ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. വാഴക്കാല മാർക്കറ്റ് വെള്ളത്തിൽ മുങ്ങി. ചെമ്പ്മുക്ക് കൈരളി വായനശാലയുടെ ലൈബ്രറി റൂമിൽ വെള്ളം കയറി ധാരാളം പുസ്തകങ്ങൾ നശിച്ചു.

കെന്നഡി മുക്ക് കൊല്ലക്കേരി പാടം ചെല്ലമ്മ കൊച്ചു കുഞ്ഞിന്റെ വീട്ടിലും പറമ്പിലും വെള്ളം കയറി ധാരാളം വീട്ടുപകരണങ്ങൾ ഒലിച്ച് പോയി. ഇടപ്പള്ളി തോട് കവിഞ്ഞ് ഒഴുകുന്നതിനാൽ കൈതോടുകളിലെ വെള്ളം കെട്ടിക്കിടന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറി. കൗൺസിലർമാരായ രജനി ജീജൻ, ഷിമി മുരളി എന്നിവരുടെ വീട്ടിലും വെള്ളംകയറി.