മൂവാറ്റുപുഴ: മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടു നോമ്പാചരണവും ഇന്ന് മുതൽ 8 വരെ നടക്കും. ഇന്നലെ ഉച്ചയ്ക്ക് 1.15ന് മലേക്കുരിശ് ദയറായിലെ ശ്രേഷ്ഠബാവയുടെ കബറിലേക്കുള്ള തീർത്ഥയാത്രയ്ക്ക് സ്വീകരണം നൽകി. സമാപന ദിവസം രാവിലെ 10.30ന് പ്രദക്ഷിണം,​ 11.00ന് ആശീർവാദം,​ 11.15ന് തമുക്ക് നേർച്ച ,​ 12.00ന് ആദ്യഫല ശേഖരണ വിഭവങ്ങളുടെ ലേലം എന്നിവയുണ്ടാകും. ഉച്ചയ്ക്ക് 1.30ന് കൊടിയിറക്ക്. സമാപന ദിനത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികളെ അനുമോദിക്കും. വി. മദ്ബഹ ശുശ്രൂഷയിൽ 50 വർഷം പൂർത്തീകരിച്ച ഇടപ്പാറയിൽ ഇ.കെ.അബ്രഹാമിനേയും മികച്ച സംരംഭകനുള്ള നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ കുഴിയാലിപ്പടവിൽ സക്കറിയ ജോയിയേയും ആദരിക്കും.