
പറവൂർ: മണിക്കൂറുകളോളം തോരാതെ പെയ്തമഴയിൽ പറവൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി.
നഗരത്തിലെ കാനകൾ അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.കച്ചേരിവളപ്പ്, സബ് ട്രഷറി ഓഫീസ്, താലൂക്ക് ആശുപത്രി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
കെ.എം.കെ ജംഗ്ഷനിലെ ഏതാനും കച്ചവടസ്ഥാപനങ്ങളിൽ വെള്ളംകയറി. ചിലകടകൾക്ക് നാശനഷ്ടമുണ്ടായി. പുല്ലംകുളം സ്കൂളിന് സമീപത്തെ റോഡിൽ വെള്ളംകെട്ടിനിന്നു. സ്കൂൾ ഗ്രൗണ്ടിലും വെള്ളംനിറഞ്ഞു. ദേശീയപാതയിൽ മുനമ്പം കവലയിലും വടക്കേക്കരയിലും വെള്ളക്കെട്ടുണ്ടായി. മഴകുറഞ്ഞതോടെയാണ് വെള്ളക്കെട്ടിന് ശമനമുണ്ടായത്. വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.പലവട്ടം നഗരസഭയിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അവർ ആരോപിച്ചു.