
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി കടപ്പുറത്ത് സ്ഥാപിച്ച നിരീക്ഷണ കാമറകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ. ഏകദേശം എട്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന ആറ് കാമറകളാണ് നശിപ്പിച്ചത്.
ഫോർട്ട്കൊച്ചി സൗത്ത് കടപ്പുറത്തെ മൂന്ന് കാമറകളും ബോയിലറിന് സമീപത്തെ മൂന്ന് കാമറകളുമാണ് നശിപ്പിക്കപ്പെട്ടത്. ഒരു കാമറയ്ക്ക് ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയോളം വില വരും. കടപ്പുറത്ത് വഴി വിളക്കുകൾ നശിപ്പിക്കുകയും മോഷണവും സാമൂഹ്യ വിരുദ്ധ ശല്യവും ഏറിയതോടെയാണ് കാമറകൾ സ്ഥാപിച്ചത്. ഓണാഘോഷങ്ങളോടനുബന്ധിച്ച് അവധി ദിനങ്ങളിൽ കടപ്പുറത്ത് വരുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. കടപ്പുറത്ത് സാമൂഹ്യ വിരുദ്ധ ശല്യം തടയാൻ പൊലിസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് കൗൺസിലർ ആന്റണി കുരീത്തറ ആവശ്യപ്പെട്ടു.