poyaly

മൂവാറ്റുപുഴ: പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ പോയാലി മലയിലെ ടൂറിസം പദ്ധതിക്ക് ജീവൻവയ്ക്കുന്നു. പദ്ധതി

നടപ്പിലാക്കുന്നതിന് മുന്നോടിയായി പോയാലി മല അളന്ന് തിട്ടപ്പെടുത്തി ജണ്ഡ സ്ഥാപിക്കുന്ന നടപടിക്ക് റവന്യൂ വകുപ്പ് നിയോഗിച്ച സർവേ സംഘം തുടക്കമിട്ടു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, അംഗങ്ങളായ ഇ.എം.ഷാജി, റെജീന ഷിഹാജ്, സർവേയർമാരായ അനിൽകുമാർ, രതീഷ് വി.പ്രഭു എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ സർവേ നടപടികൾ ആരംഭിച്ചത്.

പോയാലി മലയിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലെ 18 ഏക്കറോളം വരുന്ന മേഖല അളന്ന് തിട്ടപ്പെടുത്തി ജണ്ഡ സ്ഥാപിക്കേണ്ടത് പദ്ധതി നടപ്പാക്കുന്നതിന് അനിവാര്യമാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. ടൂറിസം സാധ്യതയേറെയുള്ള പോയാലി മലയെ വിനോദ സഞ്ചാരകേന്ദ്രമാക്കണമെന്ന ആവശ്യം രണ്ട് പതിറ്റാണ്ട് മുമ്പ് ഉയർന്നതാണ്. ഒരിക്കലും വറ്റാത്ത കിണറാണ് മലമുകളിലെ മുഖ്യ ആകർഷണം. പാറക്കെട്ടുകളും മൊട്ടക്കുന്നുകളും പോയാലി മലയെ സുന്ദരമാക്കുന്നു. അനായാസം എത്താവുന്ന തരത്തിൽ റോഡ് പണിയുക, റോപ്പ് വേ സ്ഥാപിക്കുക, മലമുകളിലെ വ്യൂ പോയിന്റുകളിൽ കാഴ്ച സൗകര്യങ്ങൾ ഒരുക്കുക, വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുക, മലമുകളിലെ അത്ഭുതക്കിണറും കാൽപ്പാദവും വെള്ളച്ചാട്ടവും കൽച്ചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങൾ നിർമ്മിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലായാൽ ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി പോയാലി മല മാറുമെന്ന് വിലയിരുത്തപ്പെടുന്നു.