priya-varghese

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ വിവാദ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് അർഹത നേടിയ പ്രിയ വർഗീസിന് മാനദണ്ഡമനുസരിച്ചുള്ള അദ്ധ്യാപന പരിചയമില്ലെന്ന് യു.ജി.സി ഹൈക്കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയയ്ക്ക് അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനം നൽകുന്നതിനെതിരെ ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്. ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നൽകിയ ഹർജിയിന്മേലാണിത്. ഹർജി സെപ്തംബർ 30 ലേക്ക് മാറ്റിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിയമനം നടത്തരുതെന്ന ഉത്തരവ് അതുവരെ നീട്ടി.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് മിനിമം എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണമെന്നാണ് യു.ജി.സി വ്യവസ്ഥ. അസി. പ്രൊഫസറായിരിക്കെ ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിനു (എഫ്.ഡി.പി) വേണ്ടി പ്രിയ വർഗീസ് അവധിയെടുത്ത കാലയളവു കൂടി അദ്ധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനത്തിനു പരിഗണിച്ചതെന്നും ഇതു നിയമപരമായി അനുവദിക്കാനാവില്ലെന്നും യു.ജി.സിയുടെ അഭിഭാഷകൻ വാദിച്ചു. യു.ജി.സിയുടെ മാനദണ്ഡത്തിൽ തന്നെ പ്രവൃത്തി പരിചയത്തിൽ ഇളവു നൽകുന്ന വ്യവസ്ഥയുണ്ടെന്നും, മറുപടി വാദത്തിനായി സമയം വേണമെന്നും പ്രിയയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. തുടർന്നാണ് ഹർജി മാറ്റിയത്. എഫ്.ഡി.പിക്കു വേണ്ടി പ്രിയ വർഗീസ് മൂന്നു വർഷത്തോളം അവധിയിലായിരുന്നെന്നും പിഎച്ച്. ഡി നേടാനായി ചെലവിട്ട സമയം അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ആഗസ്റ്റ് 22 നു ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി സ്വമേധയാ യു.ജി.സിയെ കക്ഷി ചേർത്തത്.