കളമശേരി: ഏലൂർ നഗരസഭയിൽ പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എയ്റോബിക്ക് കമ്പോസ്റ്റിറ്റ് ബിന്നുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് നഗരസഭാ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി.എം. അയൂബ് ആവശ്യപ്പെട്ടു. 2015ൽ അന്നത്തെ ഭരണ സമിതി വീടുകളിൽ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളും ശേഖരിക്കുന്നതിനാണ് പദ്ധതി കൊണ്ടുവന്നത്. നിലവിൽ വീടുകളിൽ നിന്ന് ശേഖരിക്കുന്നതിന് 5 കിലോ തൂക്കത്തിന് 50 രൂപയും കൂടുതലായ് വരുന്ന ഓരോ കിലോ തൂക്കത്തിന് 15 രൂപയും വാങ്ങുന്നുണ്ട്. പൊതു ഇടങ്ങളിലെ ബിന്നുകളിൽ രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7 മണി വരെയുമാണ് സമയം നിശ്ചയിച്ചിട്ടുള്ളത്. മറ്റ് സമയങ്ങളിൽ മാലിന്യം പുറത്ത് വച്ചു പോയാൽ തെരുവുനായ്ക്കൾ വാരിവലിച്ചിടാൻ സാദ്ധ്യതയുണ്ടെന്നും ഫീസ് ഈടാക്കുന്നതിനാൽ ആളുകൾ റോഡിൽ വലിച്ചെറിയുമെന്നും അയൂബ് പറഞ്ഞു.