k-surendran

കൊച്ചി: മടിയിൽ കനമുള്ളതിനാലാണ് പിണറായി സർക്കാർ ലോകായുക്തയുടെ കഴുത്ത് ഞെരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കെ.ടി.ജലീലിന്റെ അവസ്ഥയുണ്ടാകാതിരിക്കാനാണ് ലോകായുക്തയെ നിഷ്പ്രഭമാക്കിയത്.

സർവകലാശാലകളെ പോലും നശിപ്പിച്ച് പാർട്ടി ഓഫീസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതിയിലും കെടുകാര്യസ്ഥതയിലും സാമ്പത്തികരംഗം തകർന്ന കേരളം,കേന്ദ്ര സഹായത്തിലാണ് പിടിച്ചുനിൽക്കുന്നത്.

ആദിശങ്കരന്റെ ജന്മനാട് നരേന്ദ്രമോദി സന്ദർശിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരികത്തനിമ വീണ്ടെടുക്കാൻ സഹായിക്കും.
എഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കുന്നത് മലയാളത്തിന്റെ നവോത്ഥാനചരിത്രം ജനങ്ങളിലെത്തിക്കാനാണ്. പ്രതിമ അനിസ്ലാമികമാണെന്ന മതമൗലികവാദികളുടെ നിലപാടിന് ചൂട്ടുപിടിക്കുകയാണ് പിണറായി സർക്കാർ. ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ തയ്യാറാകാത്തവരാണ് നവോത്ഥാന സമിതി പഞ്ചായത്ത് തലത്തിൽ വ്യാപിപ്പിക്കുമെന്ന് പറയുന്നത്. സ്വാതന്ത്ര്യസമരത്തിലും വൈക്കം,ഗുരുവായൂർ സത്യഗ്രഹങ്ങളിലും കമ്മ്യൂണിസ്റ്റുകാർക്ക് പങ്കില്ല. ഇത് സംബന്ധിച്ച ചർച്ചയ്ക്ക് ബി.ജെ.പി ഒരുക്കമാണെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.