'വിക്രാന്ത്' എന്നാൽ വിജയി, ധീരൻ

കൊച്ചി: സ്വതന്ത്ര ഇന്ത്യയുടെ ദീർഘകാലസ്വപ്‌നം സാക്ഷാത്കരിച്ച് തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ 'വിക്രാന്ത് " പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമർപ്പിക്കും.

കപ്പൽശാലയിൽ രാവിലെ 9.30നാണ് സമർപ്പണ ചടങ്ങ്. ദേശീയപതാകയും തുടർന്ന് നാവികസേനയുടെ പതാകയും പ്രധാനമന്ത്രി കപ്പലിൽ ഉയർത്തും. ഇതോടെ കപ്പൽ ഐ.എൻ.എസ് വിക്രാന്ത് എന്ന് അറിയപ്പെടും.

കപ്പൽ നിർമ്മാണത്തിൽ പങ്കുവഹിച്ചവരുമായി മോദി കൂടിക്കാഴ്ച നടത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവർ പങ്കെടുക്കും.

രാജ്യത്തെ ഏറ്റവും വലുതും സങ്കീർണവുമായ കപ്പൽ നിർമ്മിച്ചതിന്റെ അഭിമാനത്തിലാണ് കൊച്ചി കപ്പൽശാല. 15 വർഷത്തെ നിർമ്മാണത്തിനും രണ്ടു വർഷത്തെ പരീക്ഷണനിരീക്ഷണങ്ങൾക്കും ശേഷം നാവികസേനയ്ക്ക് കൈമാറിയ കപ്പൽ മിസൈൽ ഉൾപ്പെടെ ആയുധങ്ങൾ ഘടിപ്പിച്ച് സമ്പൂർണ സജ്ജമാകാൻ ഒന്നര വർഷം കൂടിയെടുക്കും.

സ്വാശ്രയ കരുത്ത്

വിമാനവാഹിനി നിർമ്മാണത്തിൽ സ്വാശ്രയത്വമെന്ന വൻനേട്ടമാണ് വിക്രാന്തിലൂടെ രാജ്യം കൈവരിച്ചത്. നിർമ്മാണ വസ്തുക്കളിൽ 76 ശതമാനവും തദ്ദേശീയം. കെൽട്രോൺ ഉൾപ്പെടെ ആയിരത്തോളം ചെറുതും വലുതുമായ സ്ഥാപനങ്ങളാണ് പങ്കാളികളായി.

ചെലവ് - 20,000 കോടി രൂപ

സ്വന്തം ഉരുക്ക്

നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് കപ്പൽ രൂപകല്പന ചെയ്തത്. 2005 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചു. കപ്പൽ നിർമ്മാണത്തിന് ഗുണമേന്മയേറിയ ഉരുക്ക് നൽകാമെന്നേറ്റ റഷ്യ കരാറിൽ നിന്ന് പിന്മാറിയത് വെല്ലുവിളിയായി. തുടർന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനവും നാവികസേനയും സംയുക്തമായി വികസിപ്പിച്ച ഉരുക്ക് സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ (സെയിൽ) നിർമ്മിച്ചു. നിർമ്മാണത്തിന്റെ ആദ്യഘട്ടം 2013 ആഗസ്റ്റിൽ പൂർത്തിയായി.

2020 നവംബറിൽ പ്രൊപ്പൽഷൻ ശക്തിയും വൈദ്യുത പ്ളാന്റുകളും ഉപകരണങ്ങളും പരീക്ഷിച്ചു. 2021ൽ അഞ്ചുതവണ കടൽയാത്രാ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി.

ചുരുക്കത്തിൽ
നീളം: 262 മീറ്റർ

വീതി -62 മീറ്റർ

ഭാരം -43,000 ടൺ

സഞ്ചാരശേഷി -7,500 നോട്ടിക്കൽ മൈൽ

വേഗത -28 നോട്ടിക്കൽ മൈൽ

ജീവനക്കാർ -1600

കാബിനുകൾ -2200

പങ്കെടുത്ത തൊഴിലാളികൾ

കപ്പൽ ശാല ഉദ്യോഗസ്ഥർ 2000

അനുബന്ധ വ്യവസായം 13,000

വഹിക്കുന്ന വിമാനങ്ങൾ

ആകെ 30

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകൾ

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ

മിഗ് 29 കെ യുദ്ധവിമാനങ്ങൾ,

കമോവ് 31