ksrtc

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണം ബോണസും നൽകാൻ സർക്കാർ 103 കോടി രൂപ നൽകണമെന്ന ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാരും ഗതാഗത വകുപ്പും നൽകിയ അപ്പീലിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. അപ്പീൽ ഇന്നു വീണ്ടും പരിഗണിക്കും. ശമ്പളം വൈകുന്നതിനെതിരെ കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജിയിൽ ആഗസ്റ്റ് 24 നാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

 പ്രതീക്ഷയറ്റ് ജീവനക്കാർ

ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെ ജീവനക്കാരുടെ ഓണപ്രതീക്ഷയ്ക്കും മങ്ങലേറ്റു. സിംഗിൾഡ്യൂട്ടി നിർദ്ദേശം തൊഴിലാളികൾ തള്ളിയതോടെയാണ് അധിക ധനസഹായം നൽകേണ്ടതില്ലെന്ന നിലപാടിലേക്ക് സർക്കാരെത്തിയത്. സെപ്തംബർ അഞ്ചിനാണ് ആഗസ്റ്റിലെ ശമ്പളം നൽകേണ്ടത്. ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സിയിൽ പണമില്ല. ഇതോടെ രണ്ട് മാസത്തെ ശമ്പളം കുടിശികയാകും.

രണ്ടു മാസത്തേയും ശമ്പളത്തിന് മാത്രമായി 164 കോടി രൂപ വേണം. പ്രതിമാസം 65 കോടി രൂപയുടെ ധനസഹായം കെ.എസ്.ആർ.ടി.സി അഭ്യർത്ഥിക്കുമ്പോൾ 30 കോടി മാത്രമാണ് അനുവദിക്കുന്നത്. ഇത് വായ്പാ തിരിച്ചടവിന് മാത്രമേ തികയൂ. അതിനിടെ കെ.എസ്.ആർ.ടി.സിയെ കടമെടുക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കെ.ടി.ഡി.എഫ്.സി റിസർവ് ബാങ്കിന് കത്ത് നൽകിയതും തിരിച്ചടിയായി. കെ.ടി.ഡി.എഫ്.സിയിലേക്കുള്ള വായ്പ തിരച്ചടവ് മുടങ്ങിയതാണ് കാരണം.