
അങ്കമാലി: വിജ്ഞാന ശാഖകളിലെ ദ്രുതഗതിയിലെ വളർച്ചയ്ക്കനുസൃതമായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കാൻ എം.എൽ.എ സംഘടിപ്പിച്ച 'അക്കാഡമിയ 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനമേഖലയിലെ പുത്തൻ അറിവുകളെ അതിവേഗം വിദ്യാർത്ഥികളിലെത്തിക്കാൻ സർവ്വകലാശാലകൾക്ക് കഴിയണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും നൂറുമേനി വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും അവാർഡുകൾ സമ്മാനിച്ചു. നിയോജകമണ്ഡലത്തിൽ നിന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി,
അങ്കമാലി നഗരസഭാ ചെയർമാൻ റെജി മാത്യു എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി. വിശ്വജ്യോതി പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്ങൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി.ആന്റണി, സെബി കിടങ്ങേൻ, ജിനി രാജീവ്, ബിജു പാലാട്ടി, കൗൺസിലർ എ.വി.രഘു എന്നിവർ പങ്കെടുത്തു.