
പെരുമ്പാവൂർ: തുരുത്തിപ്ലി സെന്റ് മേരീസ് വലിയപള്ളിയിൽ എട്ടു നോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും വിവിധ ചടങ്ങുകളോടെ നടന്നു. രാവിലെ വിശുദ്ധ കുർബാനാനന്തരം പെരുമ്പാവൂർ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മാർ അഫ്രേം തിരുമേനി കൊടി ഉയർത്തി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളി മേമ്പൂട്ടിൽ നിന്ന് വെള്ളി, പൊൻകുരിശുകൾ തുടങ്ങിയവ പള്ളിക്ക് അകത്തേക്ക് കൊണ്ടുവരുന്ന ചടങ്ങ് നടന്നു. ഇന്ന് മുതൽ 8 വരെ നടക്കുന്ന പെരുന്നാളിന് തുടക്കം കുറിച്ച് പള്ളിയുടെ വിവിധ ചാപ്പലുകളിലേക്കും കുരിശും തൊട്ടികളിലേക്കും ദേശം ചുറ്റിയുള്ള അലങ്കരിച്ച രഥഘോഷയാത്രയുണ്ടാകും. ഒന്നു മുതൽ ഏഴ് വരെയുള്ള തീയതികളിൽ തിരുമേനിമാരുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ പെരുന്നാൾ കുർബാനയും നടക്കും.