കൊച്ചി: വിമാന വാഹിനി കപ്പൽ വിക്രാന്തിന്റെ സമർപ്പണം ,കൊച്ചി മെട്രോ റെയിൽ
രണ്ടാം ഘട്ടം ഉദ്ഘാടനം തുടങ്ങിയ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. കാലടി ശ്രീശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കുന്ന അദ്ദേഹം നാളെ മടങ്ങും.
ഇന്ന് വൈകിട്ട് നാലിന് നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വിമാനത്താവളത്തിന് പുറത്ത് ബി.ജെ.പി ഒരുക്കുന്ന യോഗത്തിൽ പ്രസംഗിക്കും.
കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ അഞ്ചിന് ദർശനം നടത്തും. ശൃംഗേരിമഠം അഡ്മിനിസ്ട്രേറ്റർ വി.ആർ. ഗൗരിശങ്കർ പൂർണകുംഭം നൽകി സ്വീകരിക്കും. ശ്രീശാരദ സന്നിധിയിലാണ് ആദ്യം ദർശനം . ശ്രീകോവിലിൽ മംഗളാരതിയിൽ പങ്കെടുക്കും. ശ്രീശങ്കരന്റെ അമ്മ ആര്യാംബയുടെ സമാധിയും ശ്രീശക്തി ഗണപതി സന്നിധിയും സന്ദർശിക്കും. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.