ആലുവ: ശ്രീനാരായണഗുരുദേവന്റെ 168 -ാം ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതാ സംഘം, യൂത്ത്മൂവ്മെന്റ്, കുമാരിസംഘം, സൈബർ സേന, ബാലജനയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദിവ്യജ്യോതി റിലേ ഇന്ന് നടക്കും.
ഉച്ചയ്ക്ക് രണ്ടിന് ആലുവ അദ്വൈതാശ്രമത്തിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ദിവ്യജ്യോതി റിലേ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.സന്തോഷ്ബാബു അദ്ധ്യക്ഷത വഹിക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും ആചാര്യൻ പ്രതാപൻ ചേന്ദമംഗലം മുഖ്യപ്രഭാഷണവും നടത്തും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി.സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് അംഗങ്ങളായ വി.ഡി.രാജൻ, ടി.എസ്.അരുൺ, പി.പി. സനകൻ, യൂണിയൻ കൗൺസിലർമാരായ കെ.കെ.മോഹനൻ, കെ.കുമാരൻ, സജീവൻ ഇടച്ചിറ, കെ.സി.സ്മിജൻ, പോഷകസംഘടനാ ഭാരവാഹികളായ നിബിൻ നൊച്ചിമ, ജഗൽ കുമാർ, വൈഷ്ണവി ബൈജു എന്നിവർ സംസാരിക്കും. വനിതാ സംഘം കേന്ദ്രസമിതി അംഗം ലീല രവീന്ദ്രൻ ദീപാർപ്പണം നടത്തും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ സ്വാഗതവും യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം നന്ദിയും പറയും.
വൈകിട്ട് മൂന്നിന് അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് സ്വാമി ധർമ്മചൈതന്യ കൊളുത്തി നൽകുന്ന ദീപശിഖ അരയക്കണ്ടി സന്തോഷ് ഏറ്റുവാങ്ങി സൈബർ സേന യൂണിയൻ ചെയർമാൻ ജഗൽ കുമാറിന് കൈമാറും. തുടർന്ന് നഗരത്തിൽ 168 അത്‌ലറ്റുകൾ പങ്കെടുക്കുന്ന ദിവ്യജ്യോതി റിലേ നടക്കും. ബാങ്ക് കവലയിൽ നിന്ന് പൂത്താലങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ദിവ്യജ്യോതിയെ ആശ്രമത്തിലേക്ക് ആനയിക്കും. ദിവ്യജ്യോതി ക്യാപ്ടൻ വി.സന്തോഷ് ബാബു ഏറ്റുവാങ്ങും. തുടർന്ന് നാല് ദിവസങ്ങളിലായി 61 ശാഖകളിലും പര്യടനം നടത്തും. അഞ്ചാം തീയതി വൈകിട്ട് 5.30ന് എടയപ്പുറം ശാഖയിൽ നടക്കുന്ന ദിവ്യജ്യോതി സമാപന സമ്മേളനം ശ്രീനാരായണ സുഹൃദ് സമിതി പ്രസിഡന്റ് കെ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ടി.എ. അച്യുതൻ അദ്ധ്യക്ഷത വഹിക്കും.