road-crumbles

കൊച്ചി: സംസ്ഥാനത്തെ റോഡുകൾ തകർന്നതു സംബന്ധിച്ച് വിജിലൻസ് പരിശോധന നടത്തി സ്വീകരിച്ച നടപടികളും പ്രതികളുടെ വിവരങ്ങളുമടങ്ങുന്ന റിപ്പോർട്ടും സാങ്കേതിക പരിശോധനാ റിപ്പോർട്ടും നൽകാൻ ഹൈക്കോടതി നിർദ്ദേശം. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സബർബൻ ട്രാവൽസ് ഉടമ സി.പി അജിത് കുമാർ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം.

ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് സംസ്ഥാനത്തെ തകർന്ന റോഡുകളുമായി ബന്ധപ്പെട്ട പരാതികളിൽ സ്വീകരിച്ച നടപടികൾ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഇന്നലെ ഓൺലൈൻ മുഖേന ഹാജരായി വിശദീകരിച്ചിരുന്നു. വിജിലൻസ് നടപടികളെ പ്രശംസിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഒക്ടോബർ നാലിന് ഹർജികൾ വീണ്ടും പരിഗണിക്കുമ്പോഴേക്കും റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചത്. ഇതിനു പുറമേ, പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളുടെ തൽസ്ഥിതി റിപ്പോർട്ടും ഇവയിലെ അറ്റകുറ്റപ്പണികൾക്ക് റണ്ണിംഗ് കോൺട്രാക്ട് നൽകിയ വിവരങ്ങളും പൊതുമരാമത്ത് വകുപ്പ് നൽകണം. പെരുമ്പാവൂർ - കോതമംഗലം - മൂന്നാർ റോഡിന്റെയും സമാന സ്ഥിതിയിലുള്ള മറ്റു റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന റിപ്പോർട്ടും നൽകണം.

ദേശീയപാതയിൽ അത്താണിക്ക് സമീപം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഭരണഘടനാപരമായ കർത്തവ്യലംഘനം ചുമത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. റോഡിലെ കുഴികളിൽ വീണ് അപകടമുണ്ടായാൽ ജില്ലാ കളക്ടർമാർക്കായിരിക്കും ഉത്തരവാദിത്വമെന്നും .

ഹൈക്കോടതി വ്യക്തമാക്കി.

107 റോഡുകളിൽ

വീഴ്ച : വിജിലൻസ്
നിർമ്മിച്ച് ആറു മാസത്തിനുള്ളിൽ തകർന്ന റോഡുകളുമായി ബന്ധപ്പെട്ട് 7500-ാളം പരാതികളാണ് ലഭിച്ചത്. ഇതിൽ ആദ്യ ഘട്ടമെന്ന നിലയിൽ 107 റോഡുകളിൽ മിന്നൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ച് വീഴ്ച കണ്ടെത്തിയെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വിശദീകരിച്ചു. കരാറുകാരടക്കമുള്ളവർക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

.പഴയ കമ്പനി എങ്ങനെ

ടോൾ പിരിക്കും?

ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണികളിൽ നിന്ന് പഴയ കരാറുകാരെ ഒഴിവാക്കി പുതിയ കരാർ നൽകിയെന്ന് ദേശീയ പാത അതോറിറ്റി വിശദീകരിച്ചു. 58

കോടിയുടെ കരാറാണ് നൽകിയത്. അറ്റകുറ്റപ്പണി പുതിയ കരാറുകാരനെ ഏല്പിക്കുമ്പോൾ പഴയ കരാറുകാരന് എങ്ങനെയാണ് ടോൾ പിരിക്കാൻ അർഹതയെന്ന് ഈ ഘട്ടത്തിൽ ഹൈക്കോടതി വാക്കാൽ ചോദിച്ചു.