amal

കൊച്ചി: എടയാറിലെ എൻജിനീയറിംഗ് കമ്പനിയിലേക്ക് കൊറിയറിൽ എം.ഡി.എം.എ എത്തിച്ച കേസിലെ മുഖ്യ ആസൂത്രകൻ എറണാകുളം കലൂരിലെ പപ്പവട റെസ്റ്റോറന്റ് ഉടമ പനമ്പള്ളിനഗർ പുത്തൻമഠത്തിൽ വീട്ടിൽ അമൽ നായർ (38) പൊലീസിന്റെ പിടിയിലായി. ബംഗളൂരുവിലെ ഇലക്ട്രോണിക്‌സ് പാർക്കിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെ ചേരാനെല്ലൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

പൊലീസിനെ കൈയേറ്രം ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അമലിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ഹോട്ടൽ ബിസിന് തകർന്നതോടെയാണ് ലഹരിമരുന്ന് ഇടപാടിലേക്ക് തിരിഞ്ഞതെന്നാണ് അമലിന്റെ മൊഴി. ബംഗളൂരുവിലുള്ള നൈജീരിയക്കാരനാണ് ഇയാൾക്ക് മയക്കുമരുന്ന് നൽകിയിരുന്നത്. അമലിന്റെ ഭാര്യയ്ക്ക് ലഹരിമരുന്ന് ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നു. നമ്പർ18 ലഹരിക്കേസിൽ ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസിൽ കാസർകോട് പടന്ന വടക്കേപ്പുറം നഫീസത്ത് വില്ലയിൽ ഷമീർ(36), കായംകുളം കണ്ടിശേരിൽ തെക്കേതിൽ മുഹമ്മദ് അജ്മലിനെ (31) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

 കടത്തിന് വ്യാജ വിലാസം

ബംഗളൂരുവിൽ നിന്നടക്കം വ്യാജ വിലാസത്തിൽ ലഹരിമരുന്ന് കൊറിയറായി കൊച്ചിയിലേക്ക് അയക്കും. കൊറിയറിന്റെ ട്രാക്ക് മനസിലാക്കി കൈക്കലാക്കും. കൊച്ചിയിൽ വൻതുകയ്ക്കാണ് മയക്കുമരുന്ന് വില്പന. കഴിഞ്ഞ മാസം 18ന് എടയാറിലെ എൻജിനിയറിംഗ് കമ്പനിയുടെ വിലാസത്തിൽ കൊറിയർ അയച്ചെങ്കിലും കൈപ്പറ്റാനായില്ല. പാഴ്‌സൽ അന്വേഷിച്ചെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അമലിനെ കുടുക്കിയത്. അജ്മലാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഷമീറും കുടുങ്ങി. കേസിൽ കൂടുതൽ പേർ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 18ഗ്രാം എം.ഡി.എം.എയാണ് അന്ന് പിടികൂടിയത്.

 സി.സി.ടിവി വഴികാട്ടി
എൻജിനിയറിംഗ് കമ്പനി കമ്പനി അധികൃതർ കൊറിയറിലുള്ള ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ രണ്ടുയുവാക്കളെത്തി. തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടപ്പോൾ നൽകാതെ മടങ്ങി. കമ്പനി കൊറിയർ തിരിച്ചേൽപ്പിച്ചു. കൈപ്പറ്റിയ കൊറിയർ ജീവനക്കാരൻ യുവാക്കളെ ഫോണിൽ വിളിച്ചു. പാഴ്‌സൽ നൽകാൻ തിരിച്ചറിയൽരേഖ ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. സംശയം തോന്നിയ ജീവനക്കാരൻ കളമശേരി പൊലീസ് സ്റ്റേഷനിൽ പാഴ്‌സലെത്തിച്ചു. തുറന്നപ്പോഴാണ് എം.ഡി.എം.എയാണെന്ന് വ്യക്തമായത്. റസിഡൻഡ് അസോസിയേഷനുകളുടെ സിസി.ടി.വിയിൽ നിന്ന് ലഭിച്ച വണ്ടി നമ്പറാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്.