onakarol

പെരുമ്പാവൂർ: ജില്ലയിലെ അക്ഷര ഗ്രാമം എന്നറിയപ്പെടുന്ന വളയൻചിറങ്ങരയ്ക്ക് ഓണം വന്നാൽ കരോളിന്റെ തിരക്കും ആവേശവുമാണ്. അത്തം മുതൽ ഉത്രാട ഘോഷയാത്ര വരെയുള്ള ഒമ്പത് സന്ധ്യകൾ നാടിന് കരോളിന്റെ ലഹരിയാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറിയായ വി.എൻ. കേശവപിള്ള സ്മാരക വായനശാലയും നാട്ടിലെ കലാകാരന്മാരുടെ ആസ്ഥാന കേന്ദ്രമായ സുവർണ തീയേറ്റേഴ്‌സും കായികപ്രേമികളുടെ സംഘമായ ഒളിമ്പിക് സ്‌പോർട്സ് ക്ലബ്ബും ചേർന്നാണ് കരോൾ സംഘടിപ്പിക്കുന്നത്.

ഒരുകൂട്ടം ചെറുപ്പക്കാർ മഹാബലിക്കൊപ്പം ഓരോ വീട്ടിലും കയറി ഓണപ്പാട്ടു പാടി ആശംസകൾ അർപ്പിക്കുന്നതാണ് ഓണക്കരോളിന്റെ പ്രത്യേകത. വൈകിട്ട് 6.30ന് ആരംഭിക്കുന്ന കരോൾ രാത്രി 10 മണി വരെ തുടരും. ഒമ്പത് ദിവസംകൊണ്ട് ഏകദേശം ആയിരം വീട്ടുകൾ മാവേലിയും കരോൾ സംഘവും സന്ദർശിക്കും. 1990ലാണ് വളയൻചിറങ്ങരയിൽ ഓണക്കരോൾ ആരംഭിച്ചത്. കുട്ടികൾ മുതൽ 65 കഴിഞ്ഞ വയോജനങ്ങൾ വരെ കരോളിന്റെ ഭാഗമായി ഓണപ്പാട്ടുകൾ പാടി മാവേലിക്കൊപ്പം വീടുകളിലെത്തുന്നു. ദിവസവും കരോൾ അവസാനിക്കുന്ന വീട്ടുകാരുടെ ആതിഥ്യം സ്വീകരിച്ച് അത്താഴവും കഴിച്ചാണ് സംഘം മടങ്ങുക. ഓരോദിവസവും വ്യത്യസ്ത വ്യക്തികളായിരിക്കും മാവേലിയായി വേഷം കെട്ടുന്നത്. ആദ്യ കാലത്ത് പരിചമുട്ടുകളി പോലുള്ള വിവിധ കലാരൂപങ്ങളും കരോളിന്റെ ഭാഗമായിരുന്നു. പിന്നീട് സമയക്കുറവു മൂലം കലാപ്രകടനങ്ങൾ ഒഴിവാക്കി. ഈ വർഷവും ഓണക്കരോളിനായി കാത്തിരിക്കുകയാണ് വളയൻചിറങ്ങരക്കാർ