കൊച്ചി: കലൂർ - കടവന്ത്ര റോഡിലെ നടപ്പാതയുടെ അറ്റകുറ്റപ്പണികൾക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി കരാറിലേർപ്പെട്ടെന്ന് ജി.സി.ഡി.എ ഹൈക്കോടതിയിൽ അറിയിച്ചു. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജികളിലാണ് ഇക്കാര്യം അറിയിച്ചത്. റോഡ് സഞ്ചാരയോഗ്യമാക്കുമെന്നും വിശദീകരിച്ചു. ഇക്കാര്യത്തിൽ റിപ്പോർട്ടു നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.

നഗരത്തിലെ റോഡുകളിൽ അപകടകരമായ നിലയിൽ തൂങ്ങിക്കിടക്കുന്ന കേബിളുകൾ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവിന്റെ പേരിൽ ബി.എസ്.എൻ.എൽ കേബിളുകൾ മുറിച്ചു നീക്കുന്നതായി ബി.എസ്.എൻ.എൽ അഭിഭാഷകൻ അറിയിച്ചു. അപകടകരമല്ലാത്ത ബി.എസ്.എൻ.എൽ കേബിളുകൾ മുറിച്ചു നീക്കേണ്ടെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

കൊച്ചി നഗരത്തിലെ റോഡുകളുടെ കാര്യത്തിൽ പുരോഗതിയുണ്ടെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിമാർ വ്യക്തമാക്കി. റോഡുകളുടെ പണി ഇനിയും അവശേഷിക്കുന്നുണ്ടെന്നും പട്ടിക നഗരസഭയുടെ അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്നും അറിയിച്ചു.