high-court

കൊച്ചി: സഹോദരന്റെ പേരിൽ തട്ടിപ്പിലൂടെ ഗുരുവായൂർ ദേവസ്വത്തിൽ ജോലിക്കു കയറിയ വ്യക്തി മരിച്ച സാഹചര്യത്തിൽ ,ഇയാൾ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും ഭാര്യയിൽ നിന്നു തിരിച്ചു പിടിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ഗുരുവായൂർ ദേവസ്വത്തിൽ സെക്കൻഡ് ഗ്രേഡ് ഓവർസിയറായിരുന്ന സി.ബി. രാജന്റെ ഭാര്യയും മകളും നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സി.ബി. രാജൻ സഹോദരൻ സി.ബി. ഭാസ്കരന്റെ പേരിലാണ് ജോലിക്കു കയറിയത്. സർവീസിലിരിക്കെ 2014ൽ മരിച്ചു. പത്രത്തിൽ ചരമവാർത്ത വന്നതോടെയാണ് തട്ടിപ്പു പുറത്തായത്. ദേവസ്വം നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തുകയും ഇയാൾ സർവീസിലിക്കെ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും ഭാര്യയിൽ നിന്ന് ഈടാക്കാൻ നടപടി ആരംഭിക്കുകയും ചെയ്തു. ഇതിനെതിരെ രാജന്റെ ഭാര്യയും മകളും നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെ തുടർന്നാണ്, അപ്പീൽ നൽകിയത്. രാജൻ സർവീസിലുള്ളപ്പോൾ തട്ടിപ്പു കണ്ടെത്താൻ കഴിഞ്ഞില്ലെന്നിരിക്കെ, ഇപ്പോൾ തുക തിരിച്ചു പിടിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം, രാജന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനം അനുവദിക്കണമെന്ന മകളുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി.