cupoflife

കൊച്ചി: ഹൈബി ഈഡൻ എം.പി മുത്തൂറ്റ് ഫിനാൻസിന്റെയും ജില്ലാ ഭരണകൂടം, ഐ.എം.എ കൊച്ചി എന്നിവയുടെയും സഹകരണത്തോടെ നടപ്പാക്കിയ കപ്പ് ഒഫ് ലൈഫ് പദ്ധതി ഗിന്നസ് ബുക്ക് ഒഫ് റെക്കാഡിൽ ഇടംപിടിച്ചു. ലോകത്തെ ഏറ്റവും വലിയ ആർത്തവ ശുചിത്വ പ്രചാരണമായ കപ്പ് ഒഫ് ലൈഫ് 24 മണിക്കൂറിനുള്ളിൽ 126 വേദികളിലായി 1,00,001 കപ്പുകളാണ് വിതരണം ചെയ്തത്.

നേട്ടത്തിന്റെ പ്രഖ്യാപനം ലുലു മാളിൽ ഗിന്നസ് ബുക്ക് ഒഫ് റെക്കാർഡ്‌ അഡ്‌ജുഡിക്കേറ്റർ സ്വപ്‌നിൽ ധൻഗരിഗർ നിർവഹിച്ചു. നടൻ ആസിഫ് അലി മുഖ്യാതിഥിയായിരുന്നു. ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ ഡോ. രേണുരാജ്, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗീസ്, ഡോ. ജുനൈദ് റഹ്മാൻ, ഡോ.അഖിൽ മാനുവൽ, ലുലു മാൾസ് ഇന്ത്യ ഡയറക്ടർ ഷാജി ഫിലിപ്പ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഗിന്നസ് പ്രഖ്യാപനം നടന്നത്.

ചൊവ്വാഴ്‌ച രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കൗണ്ടറുകളിൽ നിന്ന് രണ്ട് മണിക്കൂർ 14 മിനിറ്റ് 13 സെക്കൻഡിനകം 126 വേദികളിലെയും നോഡൽ ഓഫീസർമാരും പ്രതിനിധികളും ഏറ്റുവാങ്ങിയ കപ്പുകൾ ഇന്നലെ വൈകിട്ട് 5ന് മുമ്പായി രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായി വിതരണം ചെയ്തു. ഐ.എം.എ കൊച്ചിയുടെ ആയിരത്തോളം പ്രവർത്തകർ ആർത്തവ ശുചിത്വം സംബന്ധിച്ചും മെൻസ്ട്രൽ കപ്പ് ഉപയോഗം സംബന്ധിച്ചും പരിശീലനം നൽകി. 40 ഡോക്ടർമാരും പദ്ധതിയുടെ ഭാഗമായി.