
തൃക്കാക്കര: വാടക നൽകാത്തതിൽ പ്രതിഷേധിച്ച് അത്താണി കീരേലിമല കോളനിയിലെ വീട്ടമ്മമാർ നഗരസഭാ ചെയർപേഴ്സന്റ് കാബിൻ ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. തിറ്റാണ്ടുകളായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന അത്താണി കീരേലിമല അൻപത്തി ആറ് കോളനിയിലെ ആറ് കുടുംബങ്ങളെയും ഇരുപത്തി ഒന്ന് കോളനിയിലെ ഏഴ് കുടുംബങ്ങളെയും മാറ്റിപാർപ്പിക്കാൻ കഴിഞ്ഞ മാസം രണ്ടിന് ജില്ലാ കളക്ടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
പ്രദേശത്ത് വൻതോതിൽ മണ്ണിടിഞ്ഞതോടെ മുൻ ജില്ലാ കളക്ടറായിരുന്ന ജാഫർ മാലിക്ക് യോഗം വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്. വാടക നൽകാമെന്ന ഉറപ്പിൽ കുടുംബങ്ങൾ വാടക വീടുകളിലേക്ക് താമസം മാറുകയായിരുന്നു.
വാടക കൊടുക്കുന്ന കാര്യത്തിൽ സർക്കാരിന്റെ അനുമതി ആവശ്യമാണെന്ന് ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു. അത് പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ വ്യക്തമാക്കിയെങ്കിലും വീട്ടമ്മമാർ വഴങ്ങിയില്ല. തുടർന്ന് വാർഡ് കൗൺസിലർ എം.ജെ ഡിക്സൻ,സ്വതന്ത്ര കൗൺസിലർ പി.സി മനൂപ്, പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു എന്നിവർ പ്രതിഷേധക്കാരുടെ സംസാരിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു. മഞ്ജു കെ.ആർ.രമ ഹരിദാസ്,മിനി ബാബു,ഫ്ലോറി,ചിന്നമ്മു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.