attappadi-madhu

കൊച്ചി: ജാമ്യം റദ്ദാക്കിയതിനെതിരെ അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട കൊലപാതകത്തിനിരയായത്. കേസിലെ 16 പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇവരിൽ 12 പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു കൂറുമാറ്റിയെന്നാരോപിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മണ്ണാർക്കാട് സ്പെഷ്യൽ കോടതിയാണ് ജാമ്യം റദ്ദാക്കിയത്.

ആഹാരം മോഷ്ടിച്ചെന്നാരോപിച്ച് മധുവിനെ അടിച്ചു കൊന്നത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്നും, ജാമ്യം റദ്ദാക്കിയ വിചാരണക്കോടതിയുടെ നടപടി നിയമപരമാണെന്നും സർക്കാർ വിശദീകരിച്ചു. സാക്ഷികളെ സ്വാധീനിച്ചതിന് പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ട്. പ്രതികൾ ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ വിചാരണക്കോടതിക്ക് മൂകസാക്ഷിയായി നിൽക്കാനാവില്ല. ഈ കേസിൽ പ്രോസിക്യൂഷനു വേണ്ടി രഹസ്യ മൊഴി നൽകിയവരടക്കമുള്ള സാക്ഷികൾ പിന്നീടു നിലപാടു മാറ്റി. മധുവിന്റെ അമ്മയ്ക്കു നേരെ ഭീഷണിയുണ്ടായി. ഇതിനെത്തുടർന്നു കേസെടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.