
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് രണ്ട് ദിവസം ജില്ല കനത്ത സുരക്ഷാവലയത്തിൽ. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് നഗരത്തിലെ സുരക്ഷാ സജ്ജീകരിച്ചത്. പ്രധാനമന്ത്രി കടന്നുപോകുന്ന പാതകളിലെല്ലാം പൊലീസിനെയും സായുധസേനയെയും നിയോഗിച്ചു. മറ്റു സുരക്ഷാ വിഭാഗങ്ങളെയും രഹസ്യാന്വേഷണ ഏജൻസികളും കൊച്ചിയിൽ എത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി സന്ദർശിക്കുന്ന കൊച്ചി നഗരം, അങ്കമാലി, കാലടി, ആലുവ എന്നിവിടങ്ങളെല്ലാം ദിവസങ്ങൾക്ക് മുന്നേ എസ്.പി.ജിയുടെയും പൊലീസിന്റെയും നിരീക്ഷണത്തിലാണ്. സുരക്ഷാ ചുമതല ഡി.ജി.പി അനിൽകാന്ത് നേരിട്ട് ഏറ്റെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറും എറണാകുളം റൂറൽ പൊലീസ് മേധാവിയും സുരക്ഷയ്ക്ക് ചുക്കാൻ പിടിക്കും. 10 എസ്.പി, 40 ഡിവൈ.എസ്.പി, 50 സി.ഐ, 350 എസ്.ഐ എന്നിവരുൾപ്പെടെ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.150 പൊലീസുകാരെ മഫ്തിയിലും നിയോഗിച്ചിട്ടുണ്ട്.
ഗതാഗത ക്രമീകരണം
ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ നാളെ ഉച്ചയ്ക്ക് ഒന്നുവരെ ആലുവ മുതൽ ഇടപ്പള്ളി വരെയും പാലാരിവട്ടം ജംഗ്ഷൻ, വൈറ്റില, കുണ്ടന്നൂർ, തേവര ഫെറി ജംഗ്ഷൻ, ബി.ഒ.ടി ഈസ്റ്റ്, ഐലൻഡ് താജ് ഹോട്ടൽ വരേയും വെണ്ടുരുത്തിപാലം, കഠാരിബാഗ്, തേവര ജംഗ്ഷൻ, രവിപുരം എന്നിവിടങ്ങിലും ഗതാഗതവും പാർക്കിംഗും നിയന്ത്രിക്കും. ഇന്ന് കണ്ടെയ്നർ റോഡിലും നാളെ ഉച്ചയ്ക്ക് ഒന്നുവരെ പാലാരിവട്ടം മുതൽ ബാനർജി റോഡ്, എം.ജി റോഡ്, ബി.ഒ.ടി ഈസ്റ്റ് എന്നിവിടങ്ങളിലും കർശന ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലും ഉണ്ടായിരിക്കും. എറണാകുളം സിറ്റിയിൽ നിന്ന് പശ്ചിമകൊച്ചിയിലേക്ക് പോകേണ്ട ചെറുവാഹനങ്ങൾക്ക് വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗപ്പെടുത്താം. പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളുടെ വശങ്ങളിൽ താമസിക്കുന്നവർ നിയന്ത്രണങ്ങളുള്ള സമയങ്ങളിൽ അവരവരുടെ വാഹനങ്ങൾ റോഡിൽ ഇറക്കാതെ ശ്രദ്ധിക്കണമെന്നും പൊലീസ് നിർദ്ദേശമുണ്ട്.
പ്രധാനമന്ത്രി കടന്നുപോകുന്ന റൂട്ടിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്കു സഞ്ചരിക്കേണ്ട യാത്രികർ യാത്ര മുൻകൂട്ടി ക്രമപ്പെടുത്തണം
സി.എച്ച്. നാഗരാജു
സിറ്റി പൊലീസ് കമ്മിഷണർ
വിമാനത്താവളം
സുരക്ഷാവലയത്തിൽ
നെടുമ്പാശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി നെടുമ്പാശേരി വിമാനത്താവളവും പരിസരവുമെല്ലാം പൊലീസ് വലയത്തിലായി. വിമാനത്താവളത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധന നടത്തി. നെടുമ്പാശേരി, കാലടി, ആലുവ, കൊച്ചി തുടങ്ങിയ എല്ലാ ഭാഗത്തേക്കുള്ള റോഡുകളിലും പൊലീസ് സന്നാഹത്തെ ഇന്നലെ തന്നെ വിന്യസിപ്പിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണം
ഇന്ന് പകൽ 2 മുതൽ രാത്രി 8 വരെ ദേശീയ പാത അത്താണി ജംഗ്ഷൻ മുതൽ കാലടി മറ്റൂരിൽ എം.സി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തണം. അങ്കമാലി മുതൽ മുട്ടം വരെയും എം.സി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും എയർപോർട്ട് റോഡിലും ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അങ്കമാലിയിൽ നിന്ന് പെരുമ്പാവൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ മഞ്ഞപ്ര , കോടനാട് വഴി പോകണം. വിമാനത്താവള പരിസരത്ത് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും.