
പറവൂർ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 168-ാം ജയന്തിയാഘോഷങ്ങളുടെ ഭാഗമായുള്ള ശ്രീനാരായണ ദിവ്യജ്യോതി പര്യടനം ഇന്ന് തുടങ്ങും. അഞ്ച് ദിവസങ്ങളിലായി പറവൂർ യൂണിയന് കീഴിലെ 72 ശാഖകളിൽ പര്യടനം നടത്തും. ഒരോദിവസവും നൂറുകണക്കിന് കേന്ദ്രങ്ങളിൽ ദിവ്യജ്യോതിക്ക് സ്വീകരണം നൽകും. ഗുരുദേവൻ ജ്വലിപ്പിച്ച ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ദിവ്യജ്യോതി തെളിച്ച് യൂണിയൻ പ്രസിഡന്റ് സി.എൻ.രാധാകൃഷ്ണന് ഇന്നലെ കൈമാറി. യൂത്ത് മൂവ്മെന്റ് ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പന്റെ നേതൃത്വത്തിൽ ശ്രീനാരായണ ദിവ്യജ്യോതിയുമായി നിരവധി യൂത്ത്മൂവ്മെന്റ് അത്‌ലറ്റുകൾ നൂറുകണക്കിന് ഇരുച്ചക്രവാഹനങ്ങളുടെ അകമ്പടിയോടെ വിവിധ ശാഖകൾ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുനിസിപ്പൽ കവലയിൽ എത്തിച്ചു. യൂണിയൻ സെക്രട്ടറി ഹരി വിജയന്റെ നേതൃത്വത്തിൽ യൂണിയൻ, യൂണിയൻ പോഷകസംഘടന, ശാഖായോഗം, ശാഖാ പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയിൽ യൂണിയൻ ആസ്ഥാനത്ത് എത്തിച്ച ശേഷമാണ് പര്യടന ഉദ്ഘാടന സമ്മേളനം നടന്നത്.
--------------------------------------------
പുത്തൻവേലിക്കര - മൂത്തകുന്നം മേഖലകളിൽ പര്യടനം ഇന്ന്
ഇളന്തിക്കര ശാഖയിൽ നിന്ന് രാവിലെ പത്തിന് ശ്രീനാരായണ ദിവ്യജ്യോതി പര്യടനം തുടങ്ങും. 10.30ന് പുത്തൻവേലിക്കര, 11ന് മാനാഞ്ചേരി, 11.30ന് പുലിയൻതുരുത്ത്, 11.45ന് തുരുത്തൂർ, 12ന് വെള്ളോട്ടുപുറം- തുരുത്തിപ്പുറം, 12.30ന് ഗോതുരുത്ത്, ഉച്ചയ്ക്ക് ഒന്നിന് ഈസ്റ്റ് മടപ്ളാതുരുത്ത്, 2ന് മാല്യങ്കര, 2.20ന് സത്താർ ഐലൻഡ്, 2.40ന് ചെട്ടിക്കാട്, 3ന് കൊട്ടുവള്ളിക്കാട്, 3.30ന് കൊട്ടുവള്ളിക്കാട് ഈസ്റ്റ്, 3.45ന് മൂത്തകുന്നം, 4ന് പാല്യത്തുരുത്ത്, 4.30ന് വാവക്കാട് എന്നീ ശാഖകളിലെ പര്യടനശേഷം 5ന് വെസ്റ്റ് മടപ്ളാതുരുത്ത് ശാഖയിൽ സമ്മേളനത്തോടെ സമാപിക്കും.