
ബി.ടി.എസ്
കുറച്ച് നാളുകൾക്ക് മുമ്പ് ലോകമെമ്പാടും ചർച്ചയായ ഒന്നാണ് ബി.ടി.എസ് എന്ന കൊറിയൻ ബാൻഡിന്റെ ഇടവേള. കേരളത്തിൽ കുട്ടികളും യുവാക്കളും ഇപ്പോൾ കൊറിയൻ ആരാധകരായി മാറുകയാണ്.തെക്കൻ കൊറിയൻ പോപ്പ് മ്യൂസിക് ബാൻഡുകളാണ് കെ-പോപ്പ് അഥവാ കൊറിയൻ ബാൻഡുകൾ എന്നറിയപ്പെടുന്നത്.
കെ-പോപ്പുകൾ
അഞ്ച് ഇഞ്ച് സ്ക്രീനുമായി യുവത്വം റൂമുകളിലേക്ക് ഒതുങ്ങിയപ്പോൾ, അവരിലേക്കാണ് പുത്തൻ ചിന്താഗതികളും പുരോഗമന ആശയങ്ങളും അതിനേക്കാൾ ഏറെ വിനോദങ്ങളുമായി കൊറിയൻ ബാൻഡുകൾ കടന്നുവന്നത്. ഇന്ത്യയിൽ ഭൂരിഭാഗം യുവാക്കളും കെ-പോപ്പ് ആരാധകരാണ്. 1922ലെ 'സിയോ തൈജി ആൻഡ് ബോയ്സ്" എന്ന ഗ്രൂപ്പ് കൊറിയൻ പോപ്പ് സംഗീതത്തെ അമേരിക്കൻ സംഗീതവുമായി ലയിപ്പിച്ച് ഒരു വിപ്ലവം സൃഷ്ടിച്ചു. അതിലുടെ ലോകത്തിലെ തന്നെ ആദ്യ കെ-പോപ്പ് ഗ്രൂപ്പായി ഇവർ മാറി. കൊറിയയിൽ എക്സേ, ബി.ടി.എസ്, ട്വൈസ്, ബ്ലാക്ക് പിങ്ക് തുടങ്ങിയ 200 ഓളം ബാൻഡുകളാണുളളത്. ഒാഡിഷനിലൂടെ തിരഞ്ഞെടുത്ത് കഠിനമായ പരിശീലനം നൽകിയാണ് എന്റർടെയ്ൻമെന്റ് കമ്പനികൾ ഇവരെ ബാന്റുകളാക്കുന്നത്. നൃത്തത്തിലും പാട്ടിലും പ്രഗത്ഭരായ ഇവരെ ഹൈബി, എസ്.എം, ജെ.വൈ.പി,വൈ.ജി എന്നീ പ്രധാന കമ്പനികളാണ് സ്പോൺസർ ചെയ്യുന്നത്. വൻ തുക മുടക്കിയാണ് ഇവർ ഓരോ ഗാനവും പുറത്തിറക്കുന്നത്. ഗ്രൂപ്പുകൾ മാത്രമല്ല സോളോ ആർട്ടിസ്റ്റുകളും ഇതിൽ ഉണ്ട്. നൃത്തച്ചുവടുകൾ,റാപ്, ഇംഗ്ലീഷും കൊറിയനും ഇടചേർന്ന ഗാനങ്ങൾ,കൊറിയോഗ്രാഫി, ആരാധകർ, അംഗങ്ങളുടെ ബാഹ്യസൗന്ദര്യം--ഇവയെല്ലാം ഇവരെ ജനപ്രിയരാക്കി.
കെ-പോപ്പ് ഗ്രൂപ്പുകളെല്ലാം എൽ.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.സ്ത്രീക്കും പുരുഷനുമുള്ള വസ്ത്രധാരണ രീതിയിലെ വ്യത്യസ്തതയെ ചോദ്യം ചെയ്ത് അതിനെതിരെ മാറ്റം കൊണ്ട് വന്നു. ഇത് അവരുടെ ആരാധകവൃന്തത്തിനും പുരോഗമന ചിന്തകൾ ആണ് നൽകുന്നത്. കൊവിഡ് സമയത്തുണ്ടായ മാനസിക സമ്മർദ്ദങ്ങൾ കൂറയ്ക്കുന്നതിന് നിരവധി ഗാനങ്ങൾ ഇവർ പുറത്തിറക്കിയിട്ടുണ്ട്.ഓരോ ഗ്രൂപ്പുകളുടെയും ഫാൻസിനേയും പ്രത്യേക പേരുകളിലാണ് അറിയപ്പെടുന്നത് കൂടാതെ അവരുടേതു മാത്രമായ ലൈറ്റ് സ്റ്റിക്കുകളും ഉണ്ട്.ബി.ടി.എസിന്റെ ഫാൻസിനെ 'ആർമി"യെന്നും ബ്ലാക്ക് പിങ്ക് ഫാൻസിനെ 'ബ്ലിങ്ക്"എന്നുമാണ് അറിയപ്പെടുന്നത്. ലോകമെമ്പാടുമുളള കലാസ്വാദകരിൽ ഭാഷാഭേദമന്യേ സ്വാധീനം ചെലുത്താൻ ഇവർക്ക് സാധിച്ചു.

ബ്ളാക്ക് പിങ്ക്
ബി.ടി.എസ്
ഇപ്പോൾ കേരളത്തിലും കെ-പോപ്പിന് വൻ സ്വികാര്യതയാണുളളത്. അതിൽ ബി.ടി.എസ് എന്ന ബാൻഡിനെ കുറിച്ച് കേൾക്കാത്തവർ വിരളമാണ്. ബി.ടി.എസ് എന്നതിന്റെ അർത്ഥം 'ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട്സ് " എന്നാണ്. ഇതിൽ 7 അംഗങ്ങളാണ് ഉള്ളത്. ഇവർ കുടുതലായും യുവതലമുറയുടെ പ്രശ്നങ്ങളെ കുറിച്ചാണ് ഗാനങ്ങൾ എഴുതുന്നത്. എന്ന് കരുതി യുവാക്കൾ മാത്രമാണ് ഇവരുടെ ആരാധകർ എന്ന് പറയാനാകില്ല കുട്ടികൾ മുതൽ വൃദ്ധർവരെ ഇവരുടെ ആരാധകരാണ്. 'ലൗ യുവർ സെൽഫ് " പോലുള്ള ആശയങ്ങളാണ് ഇവരുടെ ഗാനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്. 2018 ൽ യൂണെെറ്റഡ് നേഷൻസിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച ആദ്യ കെ-പോപ്പ് ഗ്രൂപ്പാണ് ബി.ടി.എസ്. 2021ലും 2022ലും ഇവർ വീണ്ടും യു.എന്നിൽ പ്രസംഗിക്കാൻ അർഹത നേടി. രണ്ട് തവണ ബി.ടി.എസ് ഗ്രാമി നോമിനേഷനിൽ വന്നു. 2022 ൽ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുകയും ഏഷ്യൻ വിദ്വേഷത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇത് ലോകമെമ്പാടുമുള്ള എല്ലാ കെ-പോപ്പ് ആരാധകരേയും അഭിമാനം കൊള്ളിച്ച ഒന്നാണ്. 25 ഓളം ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഇവരുടെ പേരിലുണ്ട്. ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാമതെത്തുന്ന ആദ്യ കൊറിയൻ ബാൻഡാണ് ബി.ടി.എസ്. ഇവരുടെ ബട്ടർ എന്ന ഗാനം 24 മണിക്കുറിൽ 108.2 ദശലക്ഷം ആളുകളാണ് യുട്യൂബിൽ കണ്ടത്. ഇവരുടെ തന്നെ ഗാനമായ ഡൈനാമൈറ്റ് 24 മണിക്കുറിൽ 101.1 ദശലക്ഷം ആളുകൾ കണ്ട ഗിന്നസ് വേൾഡ് റെക്കോർടാണ് ബട്ടറിലൂടെ ഇവർ ഭേദിച്ചത് .