
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നൽകിയ തമ്പാനൂർ - മാഞ്ഞാലിക്കുളം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. ആറ് മാസത്തോളമായി ഓട നിറഞ്ഞ് മലിനജലം റോഡിലൂടെ ഒഴുകുകയാണ്.
മാസങ്ങൾക്ക് മുൻപ് വ്യാപാരികളാണ് മന്ത്രിയെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ പരിഹാരമുണ്ടാകുമെന്ന് ഉറപ്പും നൽകി. അടുത്ത ദിവസം തന്നെ പൊതുമരാമത്ത് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ഓടയിലെ മണ്ണ് മാറ്റുകയും ചെയ്തു. പക്ഷേ വെള്ളക്കെട്ടിന് പരിഹാരമായില്ല. ഇതുവഴി മൂക്കു പൊത്തിയല്ലാതെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. റോഡിലെ വെള്ളക്കെട്ട് കാരണം വ്യാപാരികൾക്ക് വേണ്ടത്ര കച്ചവടം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
മലിനജലത്തിൽ ചവിട്ടാതെ റോഡിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. വ്യാപാരികൾ പല തവണ കോർപ്പറേഷനിലും വാർഡ് കൗൺസിലർക്കും പരാതികൾ സമർപ്പിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പിനെ സമീപിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് ചെയ്തത്. മഴക്കാലത്ത് മുട്ടറ്റം വരെ വെള്ളം കെട്ടുന്ന പ്രദേശത്താണ് ഈ ദുർഗതി തുടരുന്നത്.
യാത്രക്കാരും, വിദ്യാർത്ഥികളുമായി ആയിരക്കണക്കിന് പേരാണ് ഈ റോഡിലൂടെ ദിനവും കടന്നുപോകുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട കോച്ചിംഗ് സെന്ററുകളിൽ പലതും സ്ഥിതിചെയ്യുന്നതും ഈ റോഡിലാണ്. നഗരഹൃദയത്തിലെ ഈ ദുരിതം അവസാനിപ്പിച്ചില്ലെങ്കിൽ പകർച്ചവ്യാധികളും അപകടങ്ങളും തുടർക്കഥയാകുമെന്നതിൽ സംശയമില്ല.
ക്യാപ്ഷൻ: തമ്പാനൂർ - മാഞ്ഞാലിക്കുളം റോഡിലൂടെ നടക്കാൻ കഷ്ടപ്പെടുന്ന കാൽനടയാത്രക്കാരൻ