growth

ന്യൂഡൽഹി: പ്രതികൂല സാമ്പത്തിക കാലാവസ്ഥയിലും തളരാതെ ഇന്ത്യയുടെ മുഖ്യ വ്യവസായമേഖല ജൂണിൽ കാഴ്‌ചവച്ചത് 12.7 ശതമാനം വളർച്ച. ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി)​ 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായമേഖല ഏപ്രിൽ-ജൂണിൽ 13.7 ശതമാനം വളർച്ചയും രേഖപ്പെടുത്തിയെന്ന് കേന്ദ്ര വാണിജ്യ,​ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

കൽക്കരി,​ ക്രൂഡോയിൽ,​ പ്രകൃതിവാതകം,​ റിഫൈനറി ഉത്‌പന്നങ്ങൾ,​ വളം,​ സ്‌റ്റീൽ,​ സിമന്റ്,​ വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായമേഖലയിലുള്ളത്. മേയിൽ വളർച്ച 19.3 ശതമാനമായിരുന്നു.

2021 ജൂണിനെ അപേക്ഷിച്ച് കൽക്കരി ഉത്‌പാദനം ഇക്കുറി ജൂണിൽ 31.1 ശതമാനം വളർന്നു. ക്രൂഡോയിൽ 1.7 ശതമാനം,​ പ്രകൃതിവാതകം 1.2 ശതമാനം,​ റിഫൈനറി ഉത്‌പന്നങ്ങൾ 15.1 ശതമാനം,​ വളം 8.2 ശതമാനം,​ സ്‌റ്റീൽ 3.3 ശതമാനം,​ സിമന്റ് 19.4 ശതമാനം,​ വൈദ്യുതി 15.5 ശതമാനം എന്നിങ്ങനെയും വളർന്നു.