health

ഇനിയങ്ങോട്ട് മഴക്കാലമാണ്. രോഗങ്ങൾ പിടിപെടുന്ന സമയം കൂടിയാണ് മഴക്കാലം. ഈ കാലത്താണ് നമ്മൾ ഓരോത്തരും ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും. ജലദോഷം, പനി, ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, വയറ്റിലെ അണുബാധ പോലുള്ള രോഗങ്ങൾ മഴക്കാലത്ത് സാധാരണമാണ്. അതിനാൽ കഴിക്കുന്ന ഭക്ഷണം പോഷകപ്രദവും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നവയാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

മൺസൂൺ കാലത്ത് എല്ലാവർക്കും സംശയമുള്ള കാര്യമാണ് ഏതൊക്കെ ആഹാരമാണ് കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതും എന്നത് . അത് ഏതൊക്കെ എന്ന് നോക്കാം.

ഏതൊക്കെ ആഹാരങ്ങളാണ് കഴിക്കേണ്ടത്

ഞാവൽ, പിയർ പഴം, പ്ലംസ്, ചെറി പഴം, പപ്പായ, പീച്ച് പഴം, ആപ്പിൾ, മാതളം തുടങ്ങിയ സീസണൽ പഴവർഗങ്ങളിൽ വിറ്റാമിൻ എ, സി, ആൻ്റിഓക്സിഡന്സുകൾ, നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ ജലാംശം കൂടുതലുള്ള പഴങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്.

പരമാവധി ശുദ്ധ ജലം അല്ലെങ്കിൽ ചൂടാക്കിയ വെള്ളം കുടിക്കാൻ ശ്രമിക്കുക. കാഡ, കഷായം, ഹെർബൽ ടീ,സൂപ്പ് തുടങ്ങിയവ കുടിക്കുന്നതിലൂടെ ഇലക്ട്രോലൈറ്റ് ബാലൻസ് ചെയ്യാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെ റീഹൈഡ്രഷൻ നടത്താനും സാധിക്കും.

മൺസൂൺ കാലമായതുകൊണ്ട് പാവയ്ക്ക, പടവലം, വെള്ളരി, തക്കാളി, ബീൻസ്, റാഡീഷ്, കുമ്പളങ്ങ,​ പീച്ചിങ്ങ, ചുരയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയവ കഴിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിയ്ക്കും സഹായിക്കുന്നു.

മഞ്ഞൾ, ഇ‌ഞ്ചി, കുരുമുളക്, ഏലയ്ക്ക, കറുവപ്പട്ട, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും, ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഫംഗൽ, ആൻ്റിവൈറൽ, ആൻ്റിമൈക്രോബയൽ, ആൻ്റിബാക്ടീരിയൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നവയാണ്. ഈ കാലാവസ്ഥയിൽ പതിവിന് വിപരീതമായി സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യപരമായി ഗുണങ്ങൾ ലഭ്യമാകും.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് നട്ട്സുകൾ. റൈബോഫ്ലേവിൻ, നിയസിൻ, വിറ്റമിൻ ഇ എന്നിവ നട്ട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സീസണിൽ ഉണ്ടാവുന്ന ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങൾ കുറയ്ക്കാൻ ഇവ സഹായിക്കും. .

വെളുത്തുള്ളി കഴിക്കുന്നതിലൂടെ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ജലദോഷത്തിനും പനിക്കും കാരണമാകുന്ന വൈറസുകളെ ചെറുക്കാനും രക്തത്തിലെ ടി സെല്ലുകൾ വർദ്ധിപ്പിക്കാനും സഹായിക്കും.

തൈര്, മോര്, അച്ചാറുകൾ, തുടങ്ങിയവ കഴിക്കുന്നതും നല്ലതാണ്.

വിറ്റാമിൻ സി ധാരളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

ഏതൊക്കെ ആഹാരങ്ങളാണ് കഴിക്കാൻ പാടില്ലാത്തത്

റോഡരികിൽ വിൽക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴുവാക്കുക. കാരണം മഴക്കാലത്ത് റോഡുകൾ വൃത്തികേടായി കിടക്കുകയും വെള്ളം കെട്ടികിടക്കുകയും ചെയ്യുന്നത് കാരണം അതിലെ അണുക്കൾ ഭക്ഷണപദാർത്ഥങ്ങളിൽ എത്താനും സാധ്യതയേറയാണ്. തുടർന്ന് അസുഖങ്ങളും മറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക.

മഴക്കാലമായതുകൊണ്ട് പച്ചക്കറികളിൽ കൂടുതൽ വിഷാംശവും ഫംഗലും ഉണ്ടാവുന്നതാണ്. അതുകൊണ്ട് ആഹാരം പാകം ചെയ്യുന്നതിന് മുമ്പ് തന്നെ അത് രണ്ടും മൂന്നും വട്ടം കഴുക്കുക.

മഴക്കാലത്ത് ജലമലീനികരണത്തിന് സാധ്യത കൂടുതലാണ്, ഇത് മൽസ്യങ്ങളിൽ അണുബാധയുണ്ടാക്കാൻ സാധ്യത ഏറെയാണ്. അതിനാൽ മഴക്കാലത്ത് സമുദ്രവിഭവങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്.