mansoon-dress

മഴക്കാലത്ത് ഏത് വസ്ത്രം ധരിക്കണമെന്ന ആകുലതയിലായിരിക്കും നാം ഓരോരുത്തരും. ഓരോ സീസണിനനുസരിച്ചും വസ്ത്രധാരണത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. എത്രയൊക്കെ മാറ്റിയാലും കംഫർട്ട് ഫീലിന്റെയും സ്മാർട്ട് ലുക്കിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമരുത്.

മഴക്കാലത്ത് തിളങ്ങാൻ നമുക്ക് കുറച്ച് വൈബ്രന്റ് നിറങ്ങൾ കരുതിവയ്ക്കാം. മഴക്കാലത്ത് ഏറ്റവും അനുയോജ്യമായ വസ്ത്രങ്ങൾ കോട്ടണിലും ലിനനിലും തീർത്തതാണ്. ഇറുകിയ വസ്ത്രങ്ങൾക്ക് പകരം അയഞ്ഞ ഷർട്ടുകളും കോട്ടൺ ടോപ്പുകളും ധരിക്കാവുന്നതാണ്. കനം കുറഞ്ഞതും എളുപ്പത്തിൽ ഉണങ്ങുന്നതുമായ വസ്ത്രങ്ങൾ അണിയാൻ ശ്രമിക്കാം. തുണിത്തരങ്ങൾ നോക്കി തെരഞ്ഞെടുക്കാം. പ്രകൃതിദത്തമായ തുണിത്തരങ്ങൾ ഉപയോഗിക്കുന്നതിലൂടെ മഴക്കാലം മൂലമുണ്ടാകുന്ന രോഗങ്ങളെ ഒരു പരിധി വരെ തടഞ്ഞുനിർത്താൻ സാധിക്കും.

കടും നിറങ്ങൾ ഒഴിവാക്കി പേസ്റ്റൽ നിറങ്ങൾക്ക് പ്രാധാന്യം കൊടുക്കാം. മൺസൂൺ സീസണിൽ ജീൻസുകളുടെ ഉപയോഗം കുറച്ച് ആംഗിൾ ലെംഗ്ത്ത് ,​ ഷോർട്ട് പാന്റുകൾ ഉപയോഗിക്കാം. കോട്ടൺ ഷോട്ട്സ്,​ ക്രോപ് ടോപ്സ്,​ ലിനൻ തുടങ്ങിയവ മഴക്കാലത്ത് ധരിക്കാൻ പറ്റിയ അടിപൊളി ഔട്ട്ഫിറ്റുകളാണ്. മഴ നനയുമെന്ന ഭയത്തിൽ പഴയ വസ്ത്രങ്ങളെ പൊടി തട്ടിയെടുക്കുന്ന ഒരു കൂട്ടം ആളുകളെയും നമുക്ക് കാണാം. ആ വസ്ത്രങ്ങളെയും ഫാഷനബിളാക്കി മാറ്റാൻ നമുക്ക് കഴിയും.

മഴക്കാലത്തും ലുക്കാവാം

കുലോട്സുകൾ അണിയുന്നത് കൂടുതൽ കംഫർട്ടബിളായിരിക്കും. അതോടൊപ്പം ഒരു പ്രൊഫഷണൽ ലുക്കും ഉണ്ടായിരിക്കും.മീറ്റിംഗുകൾക്കും ഇത് അനുയോജ്യപ്രദമാണ്. കുലോട്സുകളുടെ ഒരുപാട് വെറൈറ്റികളിന്ന് ലഭ്യമാണ്. ഡെനിം ജാക്കറ്റുകൾ ഇവയ്ക്കൊപ്പം ധരിക്കാവുന്നതാണ്. ബെൽ സ്ളീവ് ഡ്രസ് സ്റ്റൈലുകൾ ഫെമിനിൻ ലുക്ക് നൽകുന്നതാണ്. ഷോർട്ട്സുകൾക്കൊപ്പവും റഫ്ഡ് ജീൻസുകൾക്കൊപ്പവും ഇത് നന്നായി ഇണങ്ങും. ഒരു വ്യക്തിയുടെ ലുക്കിനെ ഹൈലൈറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലുള്ള വസ്ത്രധാരണമാണ് മിക്സ് ആന്റ് മാച്ച് പ്രിന്റ്. വിവിധ നിറങ്ങളും പ്രിന്റുകളും മിക്സ്മാച്ച് ചെയ്ത് ധരിക്കുന്നതോടൊപ്പം എത്നിക്ക് പ്രിന്റ് ജാക്കറ്റുകളും പരീക്ഷിക്കാം. ലെയേഴ്സ് ധരിക്കാൻ സൗകര്യപ്രദമായ സീസണാണ് മൺസൂണും മഞ്ഞുകാലവും. ശരീരത്തിന് ആവശ്യമായ ചൂട് ലഭിക്കാൻ ലെയേഴ്സുകൾ അണിയാം. വ്യത്യസ്തതരം ലെയേഴ്സുകളിന്ന് ലഭ്യമാണ്.