vijayamohini

 600ലധികം ജീവനക്കാർക്ക് ഓണം ബോണസും ആനുകൂല്യങ്ങളുമില്ല

തിരുവനന്തപുരം: ഓണത്തിന് ഒരുമാസം ബാക്കിനിൽക്കെ അതിജീവനത്തിനുള്ള വഴിയില്ലാതെ പുന്നയ്‌ക്കാമുകൾ വിജയമോഹിനി മിൽസിലെ തൊഴിലാളികൾ. ഓണത്തിന് ലഭിച്ചിരുന്ന ബോണസും ആനുകൂല്യങ്ങളും ഇത്തവണ കിട്ടില്ലെന്നതാണ് ഇവരെ നിരാശരാക്കുന്നത്. ശമ്പളമില്ലാതെ വലയുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ടുവർഷവും ഓണക്കാലത്ത് യാതൊരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. വായ്‌പകൾ അടയ്‌ക്കാനും കുട്ടികളുടെ പഠനച്ചെലവിനും വഴിയില്ലാതെ തൊഴിലാളികുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്.

11 ഏക്കറോളം വിസ്‌തൃതിയുള്ള മില്ലിൽ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. നാഷണൽ ടെക്‌സ്‌റ്റൈൽസ് കോർപ്പറേഷന് കീഴിലുള്ള മിൽ പ്രവർത്തനരഹിതമായതോടെ ഉപകരണങ്ങളും കേടായിത്തുടങ്ങി. മാനേജ്‌മെന്റ് പ്രതിനിധികൾക്കും ഓഫീസ് സ്റ്റാഫിനും മുഴുവൻ ശമ്പളവും നൽകുമ്പോഴും സ്ഥിരജീവനക്കാർക്ക് ശമ്പളത്തിന്റെ 35 ശതമാനം മാത്രമാണ് ലഭിക്കുന്നത്. താത്കാലിക ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നുമില്ല. 600ലധികം തൊഴിലാളികൾ മൂന്ന് ഷിഫ്‌റ്റിലായി ജോലിചെയ്‌തിരുന്ന ഇവിടെ മാസംതോറും രണ്ടരലക്ഷം കിലോ നൂൽ ഉത്പാദിപ്പിച്ചിരുന്നു. തൊഴിൽ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ മണ്ഡലമായ നേമത്താണ് മിൽ സ്ഥിതി ചെയ്യുന്നത്.

കൊവിഡ് മറയാക്കി നാടകം

കൊവിഡ് വ്യാപനത്തെ തുടർന്ന്‌ 2020 മാർച്ച് 23നാണ്‌ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള മിൽ താത്കാലികമായി അടച്ചത്‌ അവസരമാക്കി കേന്ദ്രസർക്കാർ മില്ലിന് താഴിട്ടു. പ്രതിഷേധത്തെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒന്നരമാസത്തോളം മിൽ പ്രവർത്തിച്ചെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും പൂട്ടുകയായിരുന്നു. എല്ലാ തൊഴിലാളി യൂണിയനുകളും ചേർന്ന്‌ ഒരുവർഷത്തോളം സമരം ചെയ്‌തെങ്കിലും അനുകൂല നടപടിയുണ്ടായില്ല.

ജീവിക്കാൻ പലവഴി

മില്ലിലെ തൊഴിലാളികളായ ദിനേശും മുനീശ്വരനും രാജേഷും ഉപജീവനത്തിനായി തട്ടുകട ആരംഭിച്ചു. മിൽ അടച്ചുപൂട്ടിയതോടെ തൊഴിലാളികളിൽ പലരും മീൻ കച്ചവടം, വീട്ടുജോലി ഉൾപ്പെടെ മറ്റ് ജോലികൾ അന്വേഷിച്ചുതുടങ്ങി. മില്ലിനോട് ചേർന്ന ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന 30ലേറെ കുടുംബങ്ങൾക്ക് ഡ്രെയിനേജ് ഉൾപ്പെടെയുള്ള പ്രശ്‌നമുണ്ട്.

'കേരളത്തിന്റെ പൈതൃക വ്യവസായമാണിത്. മിൽ ഏറ്റെടുത്ത്

സംരക്ഷിക്കാൻ സംസ്ഥാനസർക്കാർ ബാദ്ധ്യസ്ഥരാണ്.'

ജോണി ജോസ് നാല്പാട്ട്

ഐ.എൻ.ടി.യു.സി,

വിജയമോഹിനി മിൽസ് ജനറൽ സെക്രട്ടറി

2021 നവംബർ മുതൽ പിരിഞ്ഞുപോയവർക്ക് ഗ്രാറ്റുവിറ്റി നൽകിയിട്ടില്ല. കടത്തിൽ

മുങ്ങിയാണ് തൊഴിലാളികൾ നിൽക്കുന്നത്. മിൽ തുറന്നു പ്രവർത്തിപ്പിക്കണം'

എം.ടി. ആന്റണി, സി.ഐ.ടി.യു,

വിജയമോഹിനി മിൽസ് യൂണിറ്റ് സെക്രട്ടറി