the-miller

കൊച്ചി: ആരോഗ്യം സർവധനാൽ പ്രധാനം എന്ന പഴമൊഴിയുടെ പ്രസക്തി നമ്മൾ തിരിച്ചറിയുന്ന കാലമാണിത്. ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമോ മായമില്ലാത്ത, പോഷകസമ്പുഷ്‌ടമായ ഭക്ഷണവും.

മായമോ വിഷമോ ഇല്ലാത്ത ഭക്ഷ്യവസ്തുക്കൾ ആളുകൾക്ക് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ പ്രവാസി സിവിൽ എൻജിനിയറും എറണാകുളം കുണ്ടന്നൂർ സ്വദേശിയുമായ വേണുഗോപാൽ ഒരുവർ‌ഷം മുമ്പ് തുടക്കമിട്ട 'ദ മില്ലർ" എന്ന സംരംഭം സൂപ്പർഹിറ്റായി മുന്നേറുകയാണ്.

പണ്ട് നാട്ടിലെ പൊടിമില്ലുകാരന്റെയടുത്ത് അരിയും ഗോതമ്പും മുളകുമൊക്കെ പൊടിക്കാൻ കൊണ്ടുപോയിരുന്നത് ഓർമ്മയില്ലേ... നമ്മുടെ കൺമുന്നിൽ പൊടിച്ചുകിട്ടുമെന്നതായിരുന്നു പ്രത്യേകത. നഗരജീവിതത്തിന്റെ തിരക്കിലലിയുന്നവർക്ക് ഇതേതന്ത്രവുമായി 100 ശതമാനം പരിശുദ്ധമായ ധാന്യപ്പൊടികളും സുഗന്ധവ്യഞ്ജനങ്ങളും വെളിച്ചെണ്ണയടക്കം വിവിധതരം ഭക്ഷ്യയെണ്ണകളും തേയിലയും മറ്റും ലഭ്യമാക്കുകയാണ് 'ദ മില്ലർ" എന്ന ന്യൂജനറേഷൻ മില്ലിലൂടെ വേണുഗോപാൽ.

കടവന്ത്രയിൽ കെ.പി.വള്ളോൻ റോഡിലാണ് ദ മില്ലറിന്റെ ആദ്യസ്‌റ്റോർ തുറന്നത്. ഗോതമ്പുൾപ്പെടെ ധാന്യങ്ങൾ,​ സുഗന്ധവ്യഞ്ജനങ്ങൾ,​ കൊപ്ര,​ കടല,​ ബദാം,​ മഞ്ഞൾ,​ മുളക്,​ മല്ലി, കുരുമുളക്, ഏലയ്ക്ക തുടങ്ങിയവയുടെ വലിയശേഖരവും വെറൈറ്റികളും ദ മില്ലറിലുണ്ട്.

നമുക്ക് ആവശ്യമുള്ളവ തിരഞ്ഞെടുക്കാം. അളവ് പറയുന്നതിനനുസരിച്ച് കൺമുന്നിൽത്തന്നെ വൃത്തിയാക്കി,​ പൊടിച്ച്​ പായ്ക്കിലാക്കി തരും. കൊപ്രയും കടലയും ബദാമുമെല്ലാം എണ്ണയാക്കി വാങ്ങാം. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയേയുള്ളൂ.

കടവന്ത്രയിൽ തിരക്കേറിയതോടെ എളമക്കരയിലും കാക്കനാട്ടും ടി.ഡി.എം റോഡിലും തിരുവനന്തപുരം പട്ടത്തും തൃശൂർ ശോഭാമാളിലും സ്‌റ്റോറുകൾ തുറന്നു. ഈമാസം കൊല്ലത്തും കോഴിക്കോട്ടും സ്‌റ്റോർ തുറക്കും.

രണ്ടുവർഷത്തെ ഗവേഷണങ്ങൾക്ക് ശേഷമാണ് 'ദ മില്ലർ" യാഥാർത്ഥ്യമാക്കിയതെന്ന് വേണുഗോപാൽ പറഞ്ഞു. അടുക്കളയിലെ ഓരോ ഭക്ഷ്യവസ്തുവും പരിശുദ്ധമായിരിക്കണമെന്ന് ആഗ്രഹമുണ്ട്. കമ്പനിയുടെ ആപ്തവാക്യം 'നതിംഗ് ആഡഡ്, പ്യൂരിറ്റി ഡെലിവേഡ്" എന്നാണ്. ധാന്യങ്ങൾ പൊടിക്കാനും കൊപ്രയും മറ്റും ആട്ടി എണ്ണയാക്കാനും അത്യാധുനിക യന്ത്രങ്ങളാണുള്ളത്.

കേരളം, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, അസാം എന്നിവിടങ്ങളിൽ നിന്നാണ് നിലവാരമേറിയ ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കുന്നത്. ഓരോന്നും ദ മില്ലർ തന്നെ ലാബിലയച്ച് പരിശോധിച്ച് നിലവാരം ഉറപ്പാക്കിയാണ് സ്‌റ്റോറിലെത്തിക്കുന്നത്. ദ മില്ലർ ആപ്പ്, വെബ്‌സൈറ്റ്, വാട്‌സ്ആപ്പ് വഴിയും ഉത്‌പന്നങ്ങൾ വാങ്ങാം. ഹോം ഡെലിവറിയുണ്ട്.

സ്റ്റോറിന്റെ ഒരുഭാഗത്തുള്ള ടേസ്‌റ്റിംഗ് കോ‍ർണർ പ്രത്യേകതയാണ്. ഓരോ ഉത്‌പന്നവും കണ്ടും രുചിച്ചും മികവറിയാം. തേയിലയുടെ ഗുണമറിയാൻ ചായ കുടിക്കാം. ഒറിജിനൽ കുടക് തേനുണ്ട്. പോഷകസമ്പുഷ്‌ടമായ അടദോശയുണ്ട്.

ജീവിതത്തിരക്കിനിടെ രുചിയുള്ള ഭക്ഷണം കഴിക്കാനാവാത്തവരുടെ ആശങ്കയകറ്റാൻ 'ഇൻസ്‌റ്റന്റ്" മസാലകളും ദ മില്ലറിലുണ്ട്. സാമ്പാർ, രസം, കൊല്ലം ഫിഷ് കറി, കോട്ടയം ഫിഷ് കറി, മീറ്റ് മസാല തുടങ്ങിയവ ഇതിലുൾപ്പെടുന്നു

ഓണക്കിറ്റും ക്യു.ആർ കോഡും

ഓണം വിഷരഹിതമാവണം എന്ന ആഗ്രഹത്തോടെ ഉപഭോക്താക്കൾക്കായി പ്രത്യേക ഓണക്കിറ്റ് ദ മില്ലർ തയ്യാറാക്കുന്നുണ്ട്. ഒരു കുടുംബത്തിന് സദ്യയൊരുക്കാനുള്ള അരി, നെയ്യ്, ഗോതമ്പ്, വെളിച്ചെണ്ണ, കശുഅണ്ടി, കിസ്‌മിസ് തുടങ്ങിയവ കിറ്റിലുണ്ടാകും. ഉത്‌പന്നങ്ങളുടെ നിലവാരം മനസിലാക്കാവുന്ന ക്യു.ആർ കോഡും അവതരിപ്പിക്കും.

വേണുവിന്റെ ലോകം

രണ്ടരപ്പതിറ്റാണ്ടായി കുവൈറ്റിൽ സിവിൽ എൻജിനിയറാണ് ആർ.വേണുഗോപാൽ. ഭാര്യ ബിന്ദു വേണുഗോപാൽ. രണ്ട് മക്കൾ. മൂത്തയാൾ അങ്കിത് ഓസ്‌ട്രേലിയയിൽ പഠിക്കുന്നു. ഇളയയാൾ ആര്യൻ പ്ളസ് ടു കഴിഞ്ഞു; ഇനി ബി.ബി.എ. ഭാര്യ ബിന്ദുവും വേണുവിന്റെ സഹോദരി സ്‌മിത ശ്യാംകുമാറും ദ മില്ലറിന്റെ സാരഥ്യത്തിലുണ്ട്.