തിരുവനന്തപുരം: കെ.എം. ബഷീർ മരിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന് നീതി ലഭിച്ചിട്ടില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേസരി ഹാളിൽ സംഘടിപ്പിച്ച കെ.എം.ബഷീറിന്റെ മൂന്നാം ചരമവാർഷികവും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ആർ.ഗോപീകൃഷ്‌ണൻ അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന് നീതി ലഭിക്കാൻ പത്രപ്രവർത്തകർ നടത്തുന്ന പോരാട്ടം ഏവരും തിരിച്ചറിയുകയാണ്.ബഷീറിന്റെ വിയോഗത്തിന് കാരണക്കാരനായ ആളെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാ‌ർ കൈക്കൊണ്ടതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു.കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സാനു ജോർജ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, നിയുക്ത ജനറൽ സെക്രട്ടറി കിരൺ ബാബു,ജില്ലാ സെക്രട്ടറി അനുപമ ജി.നായർ,കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ്, സിറാ‌ജ് ദിനപത്രം ഡയറക്ടർ സയ്ഫുദ്ദീൻ ഹാജി, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ അജിത് കുമാർ എന്നിവർ സംസാരിച്ചു.

മാദ്ധ്യമപ്രവർത്തകൻ ആർ.ഗോപീകൃഷ്ണനെ അനുസ്മരിച്ചു

തിരുവനന്തപുരം: പത്രപ്രവർത്തകർ വിവാദങ്ങളുടെ പിറകെമാത്രം പോകരുതെന്നും പത്രപ്രവർത്തനത്തിന്റെ ലക്ഷ്യം ജനസേവനമാകണമെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി. പ്രസ്ക്ലബ് സംഘടിപ്പിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ആർ.ഗോപീകൃഷ്ണൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മാദ്ധ്യമമണ്ഡലത്തിലെ സജീവസാന്നിദ്ധ്യമാണ് നഷ്ടമായതെന്നും സാധാരണക്കാരുടെ ശബ്ദമായിരുന്നു ഗോപീകൃഷ്ണനെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയും സൗഹൃദങ്ങൾക്കപ്പുറമുള്ള ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നെന്നും കേരള കൗമുദിയിലെ പ്രവർത്തനകാലമാണ് ഗോപീകൃഷ്ണൻ എന്ന പത്രപ്രവർത്തകനെ പരുവപ്പെടുത്തിയതെന്നും സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂറും അനുസ്മരിച്ചു.ടി.എൻ.ജി ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ, വിവരാവകാശ കമ്മിഷണർ കെ.വി.സുധാകരൻ,മെട്രോവാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി.സന്തോഷ്,മാദ്ധ്യമപ്രവർത്തകരായ എം.ജി.രാധാകൃഷ്ണൻ,ജോൺ മുണ്ടക്കയം,സാഹിത്യകാരൻ ജോൺ സാമുവൽ,ബി.ജെ.പി നേതാക്കളായ സി.ശിവൻകുട്ടി, പന്തളം സുധാകരൻ, പ്രസ്ക്ലബ് സെക്രട്ടറി ഹണി എന്നിവർ പങ്കെടുത്തു.