
ദക്ഷിണേന്ത്യയിൽ നിന്ന് നിസഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത ആദ്യ വനിതകളിലൊരാൾ. നീൽ പ്രതിമ സത്യഗ്രഹം, ഉപ്പുസത്യഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം എന്നീ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. വിദേശവസ്ത്ര ബഹിഷ്‌കരണത്തിന് നേതൃത്വം നൽകി. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചു. ദക്ഷിണേന്ത്യയിലെ ഝാൻസി റാണി എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ധീരവനിത.
1890 ൽ തമിഴ്നാട് കടലൂരിലെ സാധാരണ കുടുംബത്തിൽ ജനനം. നിസഹകരണ പ്രസ്ഥാനത്തിലൂടെ സമരമുഖത്തേക്ക്. സ്വാതന്ത്ര്യസമര പോരാട്ടത്തിനായി സ്വത്തുക്കൾ വിറ്റു. 1857 ലെ സ്വാതന്ത്ര്യസമരം മദ്രാസിൽ അടിച്ചമർത്തിയ കേണൽ ജെയിംസ് നീലിന്റെ പ്രതിമ മൗണ്ട് റോഡിൽനിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 1927 ൽ നടത്തിയ സത്യഗ്രഹത്തിൽ പങ്കെടുത്തതിന് ഒൻപത് വയസുള്ള മകളോടൊപ്പം ജയിൽശിക്ഷ അനുഭവിച്ചു. ഈ സമയത്ത് കടലൂർ സന്ദർശിച്ച മഹാത്മാഗാന്ധി അഞ്ജലൈ അമ്മാളിനെ കാണാൻ ശ്രമിച്ചെങ്കിലും ബ്രിട്ടീഷ് സർക്കാർ അനുവദിച്ചില്ല. എന്നാൽ അഞ്ജലൈ അമ്മാൾ ബുർഖ ധരിച്ചെത്തി അദ്ദേഹത്തെ സന്ദർശിച്ചത് ചരിത്രസംഭവം. ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഗുരുതര പരിക്കുകൾ നേരിട്ടു. ഗർഭിണിയായിരിക്കെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ പേരിൽ വെല്ലൂർ ജയിലിൽ ശിക്ഷ അനുഭവിച്ചു. 1931ൽ അഖിലേന്ത്യ വനിതാ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷയായി. സ്വാതന്ത്ര്യാനന്തരം തമിഴ്നാട് നിയമസഭാംഗമായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു. 1961ൽ അന്തരിച്ചു.
തമിഴ്നാട് ഹൈസ്കൂൾ പാഠപുസ്തകങ്ങളിൽ അഞ്ജലൈ അമ്മാളിന്റെ ജീവചരിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. അവരോടുള്ള ആദരസൂചകമായി തമിഴ്നാട്ടിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അഞ്ജലൈ അമ്മാളിന്റെ പേര് നൽകിയിട്ടുണ്ട്.