
കടുത്ത ചൂടിൽ നിന്നും ആശ്വാസമേകുന്ന ദിനങ്ങളാണ് മൺസൂൺ കാലമെങ്കിലും മാറിവരുന്ന കാലാവസ്ഥ മനുഷ്യനിൽ മാത്രമല്ല വളർത്തുമൃഗങ്ങളിലും നിരവധി വെല്ലുവിളികളുയർത്തുന്നുണ്ട്. മഴക്കാലത്ത് നായ്ക്കളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഈ സീസണിൽ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.
വേണ്ടത് കൂടുതൽ വൃത്തിയും കരുതലും
മഴക്കാലത്ത് നായ്ക്കളിൽ ബഗ്സ്, വൈറസ്, ബാക്ടീരിയ എന്നിവ പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ അണുബാധയും അലർജികളും നായ്ക്കളിൽ പെട്ടെന്നുതന്നെ പിടിപെടാം. ഇതിന് തടയിടാൻ ശുചിത്വത്തിന് പ്രാധാന്യം നൽകാം. നായ്ക്കളെ വൃത്തിയോടെ വെയ്ക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതോടൊപ്പം അവയുടെ പാത്രങ്ങൾ ശുചിയായി വെക്കണം. കുടിക്കാനായി നല്ല വെള്ളവും നൽകണം.
ചിട്ടയായ ഒരുക്കം
നല്ല ഭക്ഷണത്തോടൊപ്പം ഈ സീസണിൽ ചിട്ടയായ ഒരുക്കവും നായ്ക്കൾക്ക് അത്യാവശ്യമാണ്. മഴ നനയുന്നതിൽ നായ്ക്കളിലും അസ്വസ്ഥതകളുണ്ടാക്കുന്നുണ്ട്. ഈർപ്പമുള്ള കാലാവസ്ഥ നായ്ക്കൾക്ക് ചർമ്മപ്രശ്നങ്ങളുണ്ടാക്കും. അതിനാൽ കൃത്യമായ ഗ്രൂമിംഗ് സെഷനുകൾ നായ്ക്കൾക്കും ആവശ്യമാണ്.
ഭക്ഷണക്രമം
നാരുകളും പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും ധാതുക്കളുമടങ്ങിയ സമീകൃതാഹാരം ഈ സീസണിൽ അത്യാവശ്യമാണ്. അതിനാൽ തന്നെ നമ്മുടെ നായ്ക്കൾക്ക് മാറി വരുന്ന സീസണിൽ എന്തെല്ലാം ഭക്ഷണങ്ങൾ നൽകാമെന്ന് വെറ്ററിനറി ഡോക്ടറോട് അഭിപ്രായം തേടുന്നത് നല്ലതാണ്. ഒമേഗ 3,6 പോലുള്ള സപ്ളിമെന്റുകളും ധാതുക്കളും നായ്ക്കളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
കൃത്യമായ വാക്സിനേഷൻ
മനുഷ്യരെപ്പോലെ മഴക്കാലത്ത് നായ്ക്കൾക്കും ചർമ്മ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും പിടിപെടാം. കാലാവസ്ഥ മാറുന്നതിനനുസരിച്ച് നല്ലൊരു മൃഗഡോക്ടറെ കൺസൾട്ട് ചെയ്യുന്നത് നല്ലതായിരിക്കും. അതുപോലെ തന്നെ ആവശ്യമുള്ളപ്പോൾ വിരനിർമാർജന വാക്സിനേഷനും ചെക്കപ്പുകളും ഉറപ്പാക്കുക