
നിത്യ ജീവിതത്തിൽ മാനസിക സമ്മർദ്ദങ്ങളനുഭവിക്കുന്നവർ അനവധിയാണ്. പുറത്തുപറയാൻ മടിച്ച് സമ്മർദ്ദങ്ങൾ താങ്ങാനാവാതെ കടുംകൈ ചെയ്യുന്നവരും ദുശ്ശീലങ്ങളെ കൂടെ കൂട്ടുന്നവരുമുണ്ട്. വീട്ടിലും ഓഫീസിലുമായി നമ്മെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഒരവസാനവുമില്ലേയെന്നത് ഏതൊരു മനുഷ്യനിലുമുണ്ടാക്കുന്ന സംശയമാണ്. പല കാരണങ്ങളാൽ നമുക്ക് മാനസിക സമ്മർദ്ദങ്ങളെ നേരിടേണ്ടതായി വരും.
സമ്മർദ്ദങ്ങളിലൂടെ ഹൃദ്രോഗം, മെറ്റബോളിക് സിൻഡ്രോം തുടങ്ങി രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യതകളേറെയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും വീട്ടമ്മമാർക്കും മാനസിക സമ്മർദ്ദമുണ്ടാകാമെന്ന കാര്യം വീട്ടുകാർ മറക്കരുത്. അവരുടെ കാര്യത്തിലും ശ്രദ്ധയാവാം. സമ്മർദ്ദം നിറഞ്ഞ ജീവിതത്തിൽ നിന്നും ഒരാശ്വാസം കണ്ടെത്താൻ പലവഴികൾ നമുക്ക് തിരഞ്ഞെടുക്കാം. മാനസികവും ശാരീരികവുമായി നമ്മെ അലട്ടുന്ന സമ്മർദ്ദങ്ങളെ ഇല്ലാതാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും?
ഔട്ടിംഗും വ്യായാമവും
വീടുകളിലുണ്ടാകുന്ന മുഷിപ്പ് മാറ്റുന്നതിനായി ആഴ്ചയിലൊരു ഔട്ടിംഗൊക്കെ ശീലമാക്കാം. സ്ഥിരം കാഴ്ചകളിൽ നിന്നും വ്യത്യസ്ഥമായ കാഴ്ചകൾക്കും പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനുമായി പുറത്ത് നടക്കാം. വ്യായാമം ചെയ്യുന്നവർ വീട്ടിൽ നിന്നും പുറത്തിറങ്ങി ചെയ്യാൻ ശ്രമിക്കുന്നത് നന്നായിരിക്കും.മാനസികനില മെച്ചപ്പെടുത്താൻ സഹായിക്കുന്ന രാസവസ്തുക്കളായ എൻഡോർഫിനുകളെ പുറത്തുവിടാൻ വ്യായാമത്തിലൂടെ സാധിക്കും. ധ്യാനത്തിലൂടെ മനസിനെ ശാന്തമാക്കാൻ നമുക്കാവുന്നു.
ഇഷ്ടപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെടാം
ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ വ്യത്യസ്തമായിരിക്കും. എന്താണോ താത്പര്യമുള്ളത് അത് ചെയ്യാൻ ശ്രമിക്കാം. അതിലൂടെ സന്തോഷം കണ്ടെത്താൻ നമുക്കാവും. പുസ്തക വായനകളിലൂടെയും കോമഡി പരിപാടികൾ കാണുന്നതിലൂടെയും പാട്ട് കേൾക്കുന്നതിലൂടെയും ക്രാഫ്റ്റ് വർക്കുകളിലേർപ്പെടുന്നതിലൂടെയും സന്തോഷം വീണ്ടെടുക്കാം. സർഗ്ഗാത്മക ശേഷി ഉൾക്കൊള്ളുന്ന തരത്തിൽ നമ്മൾ ഇഷ്ടപ്പെടുന്ന പ്രവൃത്തികൾ ചെയ്യുന്നതിലൂടെ മാനസിക സമ്മർദ്ദം ചെറിയതോതിൽ ഇല്ലാതെയാക്കാം. വളർത്തുമൃഗങ്ങളുമായി കൂട്ടുകൂടുന്നതിലൂടെയും സമ്മർദ്ദങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. സമ്മർദ്ദ ഹോർമോണുകളായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നതിലൂടെ സാധിക്കും. നായ്ക്കളോ പൂച്ചകളോ പോലുള്ള വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നതിലൂടെയും മത്സ്യ പരിചരണത്തിലൂടെയും മാനസികനില മെച്ചപ്പെടുത്താനും ഏകാന്ത ചിന്തകളെ അകറ്റാനാവും. .
ശ്വസനരീതിയിൽ മാറ്റം വരുത്താം
ശ്വസനരീതിയിൽ മാറ്റം വരുത്തിയാൽ ഉറക്കമില്ലായ്മയും ഉത്കണ്ഠയും പരിഹരിക്കാം.
ശ്വസിക്കുമ്പോൾ ശദ്ധിക്കേണ്ടത്
- നിശ്വസിക്കുന്നതിലൂടെ ശ്വാസകോശം ശൂന്യമാക്കാം
- മൂക്കിലൂടെ നാല് സെക്കൻഡ് നേരം ശ്വസിക്കുക
- ശ്വസനത്തിനിടയിൽ ശ്വാസം ഏഴു സെക്കൻഡ് നേരം പിടിച്ച് നിർത്തുക
- ചുണ്ടുകളുടെ വിടവിലൂടെ ഓം പോലുള്ള ശബ്ദമുണ്ടാക്കി എട്ട് സെക്കന്റ് നേരം കൊണ്ട് ശ്വാസം പുറത്തേക്ക് വിടുക
ശരിയായ ഭക്ഷണക്രമം ശീലമാക്കാം
സ്ഥിരമായി ജോലി ചെയ്‌തുകൊണ്ട് മോശമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ സമ്മർദ്ദത്തിലാക്കും. അതിനാൽ കുറഞ്ഞ അളവിൽ പഞ്ചസാരയും ഉയർന്ന പ്രോട്ടീനുമടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അതുപോലെ ശരീരത്തിന് ഉറക്കവും വിശ്രമവും ആവശ്യമാണ്.