ന്യൂഡൽഹി: പശ്ചിമബംഗാൾ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാർത്ഥ ചാറ്റർജി അറസ്റ്റിലായതിന് പിന്നാലെയാണ് ഒൻപത് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. ബാബുൽ സുപ്രിയോ, സ്നേഹാശിഷ് ചക്രവർത്തി, പാർത്ഥ ഭൗമിക്, ഉദയൻ ഗുഹ, പ്രദീപ് മജുംദാർ, തജ്മുൽ ഹുസൈൻ, സത്യജിത് ബർമാൻ, ബിർബാഹാ ഹൻസ്‌ഡ, ബിപ്ളബ് റോയ് എന്നിവരാണ് പുതുമുഖങ്ങൾ. രാജ് ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ബംഗാളിന്റെയും മണിപ്പൂരിന്റെയും ചുമതല വഹിക്കുന്ന ഗവർണർ ലാ ഗണേശൻ സന്നിഹിതനായിരുന്നു. പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിന് ശേഷം ചുമതല വഹിച്ച വാണിജ്യ വ്യവസായ വകുപ്പുകൾ ഏറ്റെടുക്കില്ലെന്ന് നേരത്തെ തന്നെ മമത അറിയിച്ചിരുന്നു.
ഗായകനും നടനും ടിവി അവതാരകനുമായ ബാബുൽ സുപ്രിയോ കഴിഞ്ഞ വർഷമാണ് ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ബാബുലിന് കാബിനറ്റ് പദവിയാണ് നൽകിയിട്ടുള്ളത്.